• 20 Mar 2019
  • 09: 39 AM
Latest News arrow

വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയില്‍; അവധിക്കാലത്ത് വിമാന ടിക്കറ്റ്നിരക്ക് 20 ശതമാനം കൂടിയേക്കും

ന്യൂഡല്‍ഹി: വിമാനയാത്രക്കാരുടെ കുറവ്, വിമാനകമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രയാസം എന്നിവയ്ക്ക് പുറമെ ബോയിങ് മാക്‌സ് പ്രതിസന്ധിയും കൂടി വന്നതോടെ ഇന്ത്യന്‍ വിമാന യാത്രക്കാര്‍ ടിക്കറ്റിന് കൂടുതല്‍ വില നല്‍കേണ്ടി വരും. കുടുംബങ്ങള്‍ വ്യാപകമായി യാത്ര ചെയ്യുന്ന സ്‌കൂള്‍ അവധിക്കാലം വരാനിരിക്കെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കൂടിയേക്കുമെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ബുക്കിങ് കമ്പനികളുടെ അനുമാനം. 

വിവിധ കാരണങ്ങളാല്‍ അമ്പതോളം വിമാനങ്ങള്‍ ഈ വര്‍ഷം സര്‍വ്വീസ് നടത്തുന്നില്ല. കടബാധ്യതയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 40 ശതമാനം വിമാനങ്ങളും പറപ്പിക്കുന്നില്ല. 12 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍  തത്കാലത്തേക്ക് ഒഴിവാക്കുന്നതായി സ്‌പൈസ്‌ജെറ്റും ഇന്നലെ അറിയിച്ചു. ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞ വിമാനമായ ഇന്‍ഡിഗോ അടുത്ത രണ്ടുമാസത്തിനുള്ളില്‍ ദിവസേന ഡസന്‍ കണക്കിന് സര്‍വ്വീസുകള്‍ റദ്ദാക്കിയേക്കും. വിമാനയാത്രക്കാരുടെ കുറവുമൂലമാണിത്. 

വിമാനത്തില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ കണക്ക്. 2018 ജൂണ്‍ വരെ തുടര്‍ച്ചയായ 40 മാസം വിമാനയാത്രക്കാരുടെ എണ്ണത്തിലെ വളര്‍ച്ച രണ്ടക്കസംഖ്യയിലാണ് രേഖപ്പെടുത്തിയത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ 2024 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവുമധികം ആഭ്യന്തര വിമാനയാത്രക്കാരുളള രാജ്യമായി ഇന്ത്യ മാറും.