• 27 May 2019
  • 12: 10 PM
Latest News arrow

കരമന കൊലപാതകം: ക്രിമിനൽ സംഘം പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം: കരമനയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിസംഘം കൊലപ്പെടുത്തിയത് ക്രൂരമായി മര്‍ദ്ദിച്ച്. കൊലപാതകം നടത്തുന്നതിന് മുമ്പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ലഹരി ഉപയോഗിച്ചുളള ആഘോഷത്തിനുശേഷമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായും ഇവരില്‍ ചിലര്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

കൊഞ്ചിറവിള അനന്തു ഭവനില്‍ ഗിരീഷിന്റെയും മിനിയുടെയും മകന്‍ അനന്തുവിന്റെ മൃതദേഹം ഇന്നലെയാണ് കൈകാലുകള്‍ വെട്ടിയ നിലയില്‍ നീറമണ്‍കര  ബിഎസ്എന്‍എല്‍ ഓഫീസിനോട് ചേര്‍ന്നുളള കുറ്റിക്കാട്ടിലെ പൊളിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തളിയില്‍ സ്വദേശികളായ റോഷന്‍ ,ബാലു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കവും സംഘട്ടനവുമാണ് കൊലപാതകത്തിലെത്തിയത്. ചാക്ക ഐടിഐ വിദ്യാര്‍ത്ഥിയായ അനന്തുവിനെ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നാലുപേര്‍ ചേര്‍ന്ന് തളിയില്‍ അരശുംമൂട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. അരശരുംമൂട്ടിലെ കടയില്‍ ജ്യൂസ് കുടിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. നാട്ടുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. 

കൂട്ടുകാരാണ് പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം നീറമണ്‍കര റോഡില്‍ അനന്തുവിന്റെ ബൈക്ക് കണ്ടെത്തിയത്. പൊലീസെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് അടുത്തുളള ആള്‍താമസമില്ലാത്ത വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടി. കൈകാലുകള്‍ക്ക് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെയും ശരീരത്തില്‍ അടിയേറ്റതിന്റെയും പാടുകളും ഉണ്ട്. അനന്തുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതര സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.