• 20 Mar 2019
  • 09: 03 AM
Latest News arrow

"മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും"- രാഹുല്‍ഗാന്ധി

വൈകീട്ട് രാഹുല്‍ഗാന്ധി കോഴിക്കോട്ട് ജനമഹാറാലിയില്‍ പങ്കെടുക്കും

തൃപ്രയാര്‍: യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്കായി കേരളത്തിലെത്തിയ രാഹുല്‍ തൃപ്പയാറില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു. 

മത്സ്യത്തൊഴിലാളികളടക്കം സാധാരണ ജനങ്ങളുടെ ശബ്ദം മോദി കേള്‍ക്കുന്നില്ല. എന്നാല്‍ അംബാനിക്കും നീരവ് മോദിക്കും മോദിയോട് കാര്യങ്ങള്‍ പറയണമെങ്കില്‍ അത് പത്ത് സെക്കന്റില്‍ സാധ്യമാകുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഫിഷറീസ് മന്ത്രാലയം നിങ്ങളുടെ ഓരോരുത്തരുടേയും അഹിംസാത്മകമായ ആയുധമായിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 
തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 
മത്സ്യത്തൊഴിലാളികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. ഒരു മണിയോടെ പെരിയയിലേക്ക് പുറപ്പെടുന്ന രാഹുല്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് നാലരയോടെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജനമഹാറാലിയില്‍ പങ്കെടുക്കും.