• 20 Mar 2019
  • 08: 08 AM
Latest News arrow

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയോരത്ത്

പേരാമ്പ്ര: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയോരത്ത് നിന്നും കണ്ടെത്തി. മലയാളം,സംസ്‌കൃതം,അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്. കായണ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്നലെ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇവ.

തിരുവനന്തപുരത്തേക്ക് മൂല്യനിര്‍ണയത്തിനയക്കാനായി ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ കെട്ടുകള്‍ വീഴുകയായിരുന്നു.
55 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പരീക്ഷയെഴുതുന്നത്. വൈകിട്ട് ആറുമണിയോടെയാണ് ഉത്തരക്കടലാസുകള്‍ നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ കെട്ടുകളിലാക്കി സ്‌കൂള്‍ അസിസ്റ്റന്റിന്റെ  കൈവശം കൊടുത്തയക്കുകയായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. എന്നാല്‍ ബൈക്കില്‍ പോകുമ്പോള്‍ തലകറങ്ങി വീഴുകയായിരുന്നു എന്നാണ് സ്‌കൂള്‍ അസിസ്റ്റന്റ് പറഞ്ഞത്. പ്ലാസ്റ്റിക്ക് കവറില്‍ കൊണ്ടുപോകുകയായിരുന്ന കെട്ടുകള്‍ നാട്ടുകാര്‍ കണ്ടെത്തി സ്‌കൂളില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും സ്‌കൂള്‍ അധികൃതരെത്തി ഇവ കൊണ്ടുപോകുകയായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനു ശേഷമാണ് സ്‌കൂള്‍ അസിസ്റ്റന്റ് ഈ കാര്യം അറിയുന്നതും തിരിച്ച് ചോദ്യപേപ്പറുകള്‍ അന്വേഷിച്ചെത്തുന്നതും.
കോഴിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്റ്റര്‍ ഇ.കെ സുരേഷ്‌കുമാര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മജ എന്നിവരടക്കം നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെത്തി പരിശോധന നടത്തി. ഓഫീസ് അസിസ്റ്റന്റ് സിബിയെ പരീക്ഷ നടപടികളില്‍ നിന്നും മാറ്റി നിര്‍ത്തിയതായി കോഴിക്കോട് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു. പോലീസ് സുരക്ഷയില്‍ സൂക്ഷിച്ച ഉത്തരക്കടലാസുകള്‍ ഇന്നു തിരുവനന്തപുരത്തേക്ക് അയക്കും.