• 27 May 2019
  • 12: 02 PM
Latest News arrow

ചൈന വീണ്ടും എതിര്‍ത്തു; മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനായില്ല

നാലാം തവണയാണ് ചൈന എതിര്‍ക്കുന്നത്

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞു. യുഎന്‍ രക്ഷാസമിതിയില്‍ അസറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയാണ് ചൈന വിറ്റോ ചെയ്തത്. ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പിലാണ് ചൈന എതിരായി വോട്ട് ചെയതത്.
മസൂദ് അസ്ഹറിനെതിരായ ഉപരോധ നടപടികള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. ഉപരോധം പാസായിരുന്നെങ്കില്‍ മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും യാത്രാവിലക്കും ഏര്‍പെടുത്തുമായിരുന്നു. മസൂദ് അസ്ഹറിനെ 1267 അല്‍ഖാഇദ സാങ്ഷന്‍ കമ്മിറ്റിയ്ക്ക് കീഴില്‍ കൊണ്ടുവരാനായിരുന്നു പ്രമേയം.
എന്നാല്‍ പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ട് വരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ചൈനയുടെ പേരെടുത്ത് പറയാതെ ഇന്ത്യ പ്രതികരിച്ചു. രക്ഷാസമിതിയിലെ ഒരംഗം എതിര്‍ത്തതിനാല്‍ മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയില്‍ പെടുത്തുന്നതിനോട് പാകിസ്ഥാന്‍ അനുകൂല നിലപാടെടുക്കില്ല. പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്നാണ് ചൈന പറയുന്നത്.