• 27 May 2019
  • 12: 05 PM
Latest News arrow

ലോക്‌സഭ തിരഞ്ഞെടുപ്പ്: കെ.സി വേണുഗോപാല്‍ വയനാട്ടില്‍?

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ തീരുമാനപ്രകാരമാണിത്. നേരത്തെ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പാര്‍ട്ടിയുടെ സുരക്ഷിത മണ്ഡലമായ വയനാട്ടില്‍ നിന്നാണ് വേണുഗോപാല്‍ മത്സരിക്കാനിറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 
കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ രംഗത്ത് വന്നിരുന്നു. വേണുഗോപാല്‍ ആലപ്പുഴ നിന്നു മത്സരിക്കില്ല എന്നു മാത്രമാണ് പറഞ്ഞതെന്നും മത്സരരംഗത്ത് തന്നെ ഉണ്ടാവുമെന്നായിരുന്നു മുല്ലപ്പളളി പറഞ്ഞിരുന്നത്.
എന്നാല്‍ തനിക്ക് സീറ്റ് നിര്‍ണയം അടക്കമുള്ള ചുമതലകളുള്ള സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നായിരുന്നു വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചിരുന്നത്. 
കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍ ആലപ്പുഴയില്‍ നേരത്തെ കെ.സി. വേണുഗോപാലിന്റെ പേരാണുണ്ടായിരുന്നത്. സിറ്റിങ് എം.പിമാരുള്ളിടത്ത് അവരുടെ പേരുകള്‍ മതിയെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പിനായി വളരെ സുപ്രധാനമായ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. ഈ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ആലപ്പുഴയില്‍ മത്സരിക്കുക പ്രായോഗികമല്ല. ഡല്‍ഹിയിലിരുന്ന് ആലപ്പുഴയില്‍ മത്സരിക്കുന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതികേടാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.