• 20 Mar 2019
  • 09: 49 AM
Latest News arrow

അജയ് ദേവ്ഗണിനൊപ്പം കീര്‍ത്തിസുരേഷ് ബോളിവുഡിലേക്ക്

'മഹാനടി' എന്ന വമ്പന്‍ വിജയ ചിത്രത്തിനുശേഷം കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു.'ബധായി ഹോ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമിത് ശര്‍മ്മ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ തുടക്കംകുറിക്കുന്നത്. അജയ് ദേവഗണിന്റെ നായികയായാണ് കീര്‍ത്തി എത്തുന്നത്. 

1950-63 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ചായിരുന്ന സയിദ് അബ്ദുറഹീമിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോണി കപൂറാണ് നിര്‍മ്മാതാവ്. സെവിന്‍ ക്വാഡറാസിന്റെ തിരക്കഥയ്ക്ക് റിതേഷ് ഷായാണ് സംഭാഷണങ്ങള്‍ തയ്യാറാക്കുന്നത്. 

കീര്‍ത്തിസുരേഷ് നായികയായി അഭിനയിച്ച തമിഴ് -തെലുങ്ക് ചിത്രം 'മഹാനടി' ബോക്‌സോഫീസില്‍ വമ്പിച്ച വിജയം നേടിയിരുന്നു. താന്‍ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും, ചരിത്രം മറന്ന സയിദ് അബ്ദുല്‍ റഹീമിന്റെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നുവെന്നും കീര്‍ത്തി പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍-അറബിക്കടലിന്റെ സിംഹ'മാണ് ഇപ്പോള്‍ കീര്‍ത്തി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം.