• 20 Mar 2019
  • 09: 49 AM
Latest News arrow

എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല; വധു കാണിച്ച കുറുമ്പ് രസിക്കാത്ത വരന്‍ ചെയ്തത്

വിവാഹദിനം കുറച്ചു മാറ്റു കൂട്ടാമെന്ന് വിചാരിച്ച് വധു ചെറിയൊരു കുറുമ്പു കാട്ടി. വധു കാണിച്ച കുറുമ്പു വരനത്ര പിടിച്ചില്ല. അതിനാല്‍ വിവാഹദിവസം തന്നെ വധുവിന് കുറച്ച് നാണം കെടേണ്ടി വന്നു. ഒരിക്കലും മറക്കാനാവാത്ത നാണക്കേടാണ് വിവാഹവേദിയില്‍ വച്ച് വരന്‍ പകരം സമ്മാനിച്ചത്. വരനും വധുവും പരസ്പരം മധുരം പങ്കിടുന്ന ചടങ്ങിനിടെയാണ് വധുവിന്റെ കുറുമ്പ് രസിക്കാതെ വരന്‍ അവളുടെ മുഖത്തടിച്ചത്. 

തന്റെ ഊഴം വന്നപ്പോള്‍ പാത്രത്തില്‍ നിന്ന് മധുരമെടുത്ത് വരന്‍ വധുവിന്റെ വായില്‍ നല്‍കി. വധുവിന്റെ ഊഴമെത്തിയപ്പോള്‍ അല്‍പ്പം കുസൃതിയാകാമെന്ന് അവളും കരുതി. മധുരം പ്രതീക്ഷിച്ച് വായ തുറന്ന് നിന്ന വരന്റെ വായ്ക്കരികില്‍ വരെ മധുരം കൊണ്ടുപോവുകയും പെട്ടെന്ന് ചെറുചിരിയോടെ പിന്‍വലിക്കുകയും ചെയ്തു. ഈ തമാശ ഇഷ്ടപ്പെടാതിരുന്ന വരന്‍ അവളുടെ മുഖത്തടിച്ചു. വരന്റെ തല്ലുകൊണ്ട വധു വിവാഹവേദിയിലെ കസേരയിലേക്ക് വീണുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. വരനെ ആരൊക്കെയോ ചേര്‍ന്ന് ശാന്തരാക്കാന്‍ ശ്രമിക്കുന്നതും വധുവിന്റെ ബന്ധുക്കള്‍ വരന്റെ പ്രവൃത്തിയില്‍ പകച്ചു നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായിക്കാണാം. 

വീഡിയോ കണ്ട പലരും വരന്റെ പ്രവൃത്തിയെ വിമര്‍ശിക്കുകയാണ്. വിവാഹത്തിനെത്തിയ  അതിഥികളുടെയും വധുവിന്റെ ബന്ധുക്കളുടെയും മുന്നില്‍ വച്ച് പോലും ധാര്‍ഷ്ട്യം കാണിക്കുന്ന വരന്‍ എങ്ങനെയാണ് ജീവിതകാലം മുഴുവന്‍ അവളോട് പെരുമാറുകയെന്ന സംശയവും അവര്‍ പങ്കുവയ്ക്കുന്നു. വധുവിന്റെ കുറുമ്പ് ഇഷ്ടമായില്ലെങ്കില്‍പ്പോലും ഒരു പൊതുവേദിയില്‍വെച്ച് ഒരു പെണ്‍കുട്ടിയോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അവര്‍ ചോദിക്കുന്നു. ഒരു പക്ഷേ പെണ്‍കുട്ടിക്ക് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല എന്ന സംശയവും ചിലര്‍ പങ്കുവയ്ക്കുന്നു. വിവാഹദിനത്തില്‍ വധുവിന്റെ മുഖത്ത് സന്തോഷം മാത്രമാണുണ്ടാവുന്നതെന്നും എന്നാല്‍ ഈ വീഡിയോയുടെ തുടക്കം മുതല്‍ വധുവിന്റെ മുഖത്ത് ഒരുതരത്തിലുളള സന്തോഷവും കാണാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു.