• 27 May 2019
  • 11: 59 AM
Latest News arrow

ബോയിംഗ് 737 മാക്‌സ് വിമാനം വിലക്കി ഇന്ത്യയും; സർവീസ് നിർത്തി

എത്യോപ്യയിലെ വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ നിര്‍ത്തലാകുമെന്ന് വ്യോയാന മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
ഇന്നു വൈകിട്ട് 4 മണിക്കുശേഷം ബോയിംഗ് 737 മാക്‌സിന് ഇന്ത്യന്‍ എയര്‍സ്‌പേസില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്ന് ഡി.ജി.സി.എ. അറിയിച്ചു. 
യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടിയന്തര നടപടി സ്വീകരിക്കുന്നതെന്ന് ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ വിമാനക്കമ്പനികളുടെയും അടിയന്തരയോഗം ഡിജിസിഎ നാലു മണിക്കു ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റിന് ഈ ശ്രേണിയിലുള്ള 13 ജെറ്റ് വിമാനങ്ങളും ജെറ്റ് എയര്‍വെയ്‌സിന് അഞ്ച് വിമാനങ്ങളുമുണ്ട്. 
ജെറ്റ് എയര്‍വേയ്‌സിന്റെ അഞ്ച് വിമാനങ്ങളുടെ സര്‍വീസ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. രണ്ട് എയര്‍ലൈനുകളും ഈ വിമാനം ഉപയോഗിച്ചുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ 14 സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 
എന്നാല്‍ റിവ്യൂ കമ്മിറ്റിയുടെ പരിശോധനയില്‍ ഒരു സുരക്ഷാ പ്രശ്‌നവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്  അമേരിക്ക അറിയിച്ചിട്ടുള്ളത്. ജപ്പാനും വിമാന സര്‍വീസ് റദ്ദാക്കാന്‍ തയാറായില്ല. ഓസ്‌ട്രേലിയയും സിംഗപ്പൂരും ഇത്തരം വിമാനങ്ങള്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതു വിലക്കി. 
അതേസമയം 
തങ്ങളുടെ എല്ലാ ബോയിംഗ് വിമാനങ്ങളും സുരക്ഷിതമാണെന്നാണ് ബോയിംഗ് വിമാനകമ്പനി അവകാശപ്പെടുന്നത്.