• 28 Feb 2021
  • 06: 55 PM
Latest News arrow

മത്സരിക്കാന്‍ പത്രിക നല്‍കിയതിന് തൊട്ടുപുറകേ കമലേടത്തിക്ക് കൈവന്ന വിജയം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് പത്ത് നിമിഷങ്ങള്‍ക്കകം വിജയം ആഘോഷിക്കാന്‍ സാധിച്ച ഒരപൂര്‍വ്വ സൗഭാഗ്യമുണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം. കമലത്തിന്
വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഫലമറിയാന്‍ ആഴ്ചകളോ, മാസമോ കാത്തിരിക്കേണ്ടിവരുന്ന ഇക്കാലത്ത് കമലത്തിന്റെ ഈ  വിജയ മുഹൂര്‍ത്തത്തിന് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ വേറെ ഉദാഹരണങ്ങള്‍ ഉണ്ടാവില്ല.
 രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു അലയടിച്ച 1947ന്റെ അവസാനത്തില്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കമലത്തിന്റെ ഈ വിജയം.  
പില്‍ക്കാലത്ത്  രാഷ്ട്രീയത്തില്‍  സജീവമായി നിയമസഭയിലേക്കും ലോക സഭയിലേക്കും മത്സരിച്ച് വിജയത്തിന്റെയും പരാജയത്തിന്റെയും മധുരവും കയ്പ്പും അനുഭവിച്ച കമലത്തിന്റെ രാഷ്ട്രീയത്തിലേക്കും മത്സരവേദിയിലേക്കുമുള്ള ആദ്യ കാല്‍വെപ്പായിരുന്നു മുന്‍സിപ്പാല്‍ തെരഞ്ഞെടുപ്പ്.  കോഴിക്കോട് നടക്കാവില്‍  കമലത്തിന്റെ വീട് ഉള്‍പ്പെടുന്ന ഡിവിഷനില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ തിരയുകയായിരുന്നു കോണ്‍ഗ്രസ്. അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ കോഴിപ്പുറത്ത് മാധവമേനോനും, കുട്ടിമാളു അമ്മയും കെപി. കുട്ടികൃഷ്ണന്‍ നായരും മറ്റും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് കമലത്തെ സമീപിച്ച് കൗണ്‍സിലില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചു. കടഞ്ഞൂല്‍ പ്രസവം കഴിഞ്ഞ് മൂന്നാഴ്ച പോലും തികയാത്ത അവസരമായതിനാലും പൊതുരംഗത്ത് പ്രവര്‍ത്തിച്ച പരിചയമില്ലാത്തതിനാലും കമലം നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയല്ല. പകരമൊരാളെ കണ്ടെത്താന്‍ നിര്‍വ്വാഹമില്ലാതെ വന്നപ്പോള്‍ നേതാക്കള്‍ കമലത്തിന്റെ ഭര്‍ത്താവ് എം. സാമിക്കുട്ടിയെ സമീപിച്ചു. ഒരു നല്ല പാട്ടുകാരിയെന്ന നിലയില്‍ പ്രദേശത്തുകാര്‍ക്ക് സുപരിചിതയായ കമലം മത്സരിച്ചാല്‍ ജയിക്കുമെന്ന് പ്രാദേശിക നേതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നു. നേതാക്കള്‍ ഒരു വിധത്തില്‍ സാമിക്കുട്ടിയുടെ സമ്മതം വാങ്ങി. പക്ഷെ  അക്കാര്യം കമലത്തോട് മറച്ചു വച്ചു.

 നാമ പത്രിക സമര്‍പ്പിക്കുന്ന ദിവസം ഉച്ചയോടെ ഭര്‍ത്താവ് തന്റെ അഭ്യുദയാകാംക്ഷികളായ മുന്നു കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ഒരു കുതിര വണ്ടിയുമായി വന്ന് കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് കൂടെയുള്ള   സന്തോഷത്തോടെ  കമലം വണ്ടിയില്‍ കയറി. കുതിര വണ്ടി ചെന്നു നിന്നത് കടപ്പുറത്ത് ഇന്നത്തെ കോര്‍പ്പറേഷന്‍ ഓഫീസിന് പിന്നിലുള്ള പഴയ മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലാണ്. അവിടെ മുറ്റത്തെ ജനക്കൂട്ടം കണ്ട് തെല്ല്  അമ്പരപ്പു തോന്നി. വണ്ടിയില്‍ നിന്ന് ഇറങ്ങും മുമ്പ് സാമിക്കുട്ടി കയ്യില്‍ ഒരു ഫോറം കൊടുത്ത് അടിയില്‍ ഒപ്പിടാനാവശ്യപ്പെട്ടു. ഭര്‍ത്താവല്ലേ പറയുന്നത് ശങ്കിക്കാതെ ഒപ്പിട്ടു കൊടുത്തു.

 സമയം ഏതാണ്ട്  വൈകീട്ട് മൂന്നു മണിയോടുത്തിട്ടുണ്ടാവും. ഭര്‍ത്താവും മറ്റുള്ളവരും കമലത്തെ മുകള്‍ നിലയിലുള്ള മുന്‍സിപ്പല്‍ കമ്മീഷണറുടെ മുറിയിലേക്ക് ആനയിച്ചു. മുന്‍ വശത്തെ കസേരയിലിരിക്കുന്ന ആളുടെ മുമ്പില്‍ ചെന്ന് ഫോറം അദ്ദേഹത്തെ എല്‍പ്പിക്കാന്‍ ഭര്‍ത്താവ് നിര്‍ദ്ദേശിച്ചു.
 അദ്ദേഹം ഫോറം വാങ്ങി തന്റെ മുമ്പിലേ കസേരയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഫോറം സൂക്ഷമമായി പരിശോധിച്ച ഈ ഉദ്യോഗസ്ഥന്‍ കയ്യൊപ്പിട്ട് സ്വീകരിച്ചതായി അറിയിച്ചു. അപ്പോഴാണ് താന്‍  തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമ നിര്‍ദ്ദേശ പത്രികയാണ് നല്‍കിയതെന്ന് ബോധ്യപ്പെട്ടതെന്ന് കമലം പറയുന്നു. മൂന്ന് മണി വരെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം. 
 മുറിയില്‍ നിന്നും പുറത്തിറങ്ങി മുറ്റത്തേക്ക് ഇറങ്ങുമ്പോഴേയ്ക്കും ഒരു വലിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിയുമായി ജയ്  ജയ് കമലേടത്തി... കമലേടത്തി വിജയിച്ചേ എന്ന് ആര്‍ത്ത് വിളിച്ച് കമലത്തെ പൊതിഞ്ഞു.
 പത്രിക  നല്‍കുമ്പോഴേയ്ക്കും ജയിക്കുന്നതെങ്ങിനെ എന്നറിയാതെ കൂടെയുള്ള നേതാക്കളെ മിഴിച്ചു നോക്കിയ കമലത്തോട് അത്യാഹാളാദപുരസരം അവര്‍ മൊഴിഞ്ഞു.
 'കമലത്തിന് എതിരില്ല. വേറെയാരും പത്രിക നല്‍കിയിട്ടില്ല, ഐക്യകണ്‌ഠേന ജയിച്ചു'. പത്രിക നല്‍കിയതിനെ പുറകേ വന്ന വിജയം.