• 20 Mar 2019
  • 09: 44 AM
Latest News arrow

മട്ടന് പകരം ബീഫ് നല്‍കി; പരിഹാരക്രിയകൾക്കുള്ള പണം സൂപ്പര്‍മാര്‍ക്കറ്റിനോട് ചോദിച്ച് ഇന്ത്യന്‍ വംശജന്‍!

വെല്ലിങ്ടണ്‍: ശരിക്കും പുലിവാല് പിടിച്ചതുപോലായി വെല്ലിംഗ്ടണിലെ സൂപ്പർമാർക്കറ്റ് അധികൃതർ. ഒരു ഉപഭോക്താവിൽ നിന്നും വിചിത്രമായ ആവശ്യമാണ് സൂപ്പർമാർക്കറ്റ് നടത്തിപ്പുകാർക്ക് നേരിടേണ്ടി വന്നത്. ആട്ടിറച്ചിയ്ക്ക് പകരം മാട്ടിറച്ചി നല്‍കിയ സംഭവത്തില്‍ പരിഹാരക്രിയകള്‍ക്കുളള പണം നല്‍കണമെന്ന് സൂപ്പര്‍മാര്‍ക്കറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യന്‍ വംശജന്‍. ന്യൂസിലന്‍ഡില്‍ 20 വര്‍ഷമായി താമസിക്കുന്ന ജസ്വിന്ദര്‍ പോളാണ് പരിഹാര കര്‍മങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ പോയി മടങ്ങിവരാനുളള പണം ആവശ്യപ്പെട്ടിരിക്കുന്നത്. 

സൂപ്പര്‍ മാര്‍ക്കറ്റിലെ മാംസ പായ്ക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറിപ്പോയതാണ് കാരണം. ആട്ടിറച്ചിയാണെന്ന ധാരണയിലാണ് ജസ്വിന്ദര്‍ പാക്കറ്റ് വാങ്ങിയത്. എന്നാല്‍ പാചകം ചെയ്ത് കഴിച്ച ശേഷമാണ് മാട്ടിറച്ചിയാണെന്ന് മനസ്സിലായതെന്ന് ജസ്വിന്ദര്‍ പറയുന്നു. ഹിന്ദുമത വിശ്വാസമനുസരിച്ച് പശു പുണ്യമൃഗമാണ്. അതിനെ ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ല. അപ്പോള്‍ അതിനെ കൊന്ന് കഴിക്കുന്നത് വലിയ പാപമാണ്. അതു കൊണ്ട് അറിയാതെ കഴിച്ചതാണെങ്കിലും പരിഹാരക്രിയകള്‍ നടത്തണമെന്ന് ജസ്വിന്ദര്‍ പറയുന്നു. ആറ് ആഴ്ച നീളുന്ന പരിഹാര കര്‍മങ്ങളാണ് ചെയ്യേണ്ടത്. അതിന് ശേഷം പുരോഹിതന്മാര്‍ ശുദ്ധീകരിക്കുകയും വേണം. അതിന് ഇന്ത്യയിലേക്ക് തന്നെ പോകണമെന്ന് ജസ്വിന്ദര്‍ പറയുന്നു. ന്യൂസിലാന്‍ഡില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് ജസ്വിന്ദര്‍. ഗോമാംസം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നോട് മിണ്ടാറില്ലെന്നും ഇയാള്‍ പറയുന്നു. 

അബദ്ധം സംഭവിച്ചതിന് പകരമായി സൂപ്പര്‍ മാര്‍ക്കറ്റ് ഇയാള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിച്ചെങ്കിലും തനിക്ക് ഇന്ത്യയിലേക്ക് പോയി മടങ്ങിവരാനുളള പണം തന്നെ വേണമെന്നുള്ള വാശിയിലാണ് ജസ്വിന്ദര്‍. വലിയ സ്ഥാപനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ താത്പര്യമില്ലെന്നും സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജസ്വിന്ദര്‍ ആവര്‍ത്തിക്കുന്നു.