• 20 Mar 2019
  • 09: 33 AM
Latest News arrow

സിനദിന്‍ സിദാന്‍ ഇൻ; സൊളാരി ഔട്ട്

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് ഇതിഹാസ താരം സിനദിന്‍ സിദാന്‍ തിരിച്ചെത്തി. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ റയല്‍ മാഡ്രിഡ് പുറത്തായതിന് പിന്നാലെയാണ് മുന്‍ പരിശീലകനെ റയല്‍ തിരിച്ചുവിളിച്ചത്. സിദാന്‍ ഉടന്‍തന്നെ ചുമതലയേല്‍ക്കും. 2022 ജൂണ്‍ 30വരെയാണ് കരാര്‍. 

നിലവിലെ പരിശീലകന്‍ സൊളാരിയെ പുറത്താക്കിയാണ് ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച സിദാന് റയല്‍ വീണ്ടും വഴിയൊരുക്കിയത്. ഹോസെ മൗറീന്യോ റയലിന്റെ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, റയല്‍ മാഡ്രിഡ് സിദാനെ വീണ്ടും പരിശീലകനാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. 

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ക്ലബിന്  കിരീടം നേടിക്കൊടുത്തശേഷം അപ്രതീക്ഷിതമായി സിദാന്‍ റയല്‍ വിടുകയായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിദാന്റെ പുറത്താകലിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

പുതിയ സീസണില്‍ ജുലന്‍ ലോപ്‌റ്റെഗുയിയാണ് റയലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ടീമിന്റെ മോശം പ്രകനത്തെ തുടര്‍ന്ന് സാന്റിയാഗോ സൊളാരി പിന്നീട് പരിശീലകനായി. സൊളാരിയുടെ കീഴില്‍ ടീം തുടക്കത്തില്‍ മികവു കാട്ടിയെങ്കിലും എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോടേറ്റ തോല്‍വികളും ചാമ്പ്യന്‍സ് ലീഗിലെ പുറത്താകലും സൊളാരിയുടെ സ്ഥാനം തെറിപ്പിച്ചു.

സീസണില്‍ മോശം പ്രകടനമാണ് റയല്‍ തുടരുന്നത്.  ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ 12 പോയന്റ് പിറകിലാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനോട് തോറ്റ് പുറത്തായി. കോപ്പാ ഡെല്‍റേയിലും ദയനീയമായിരുന്നു പ്രകടനം.