• 20 Mar 2019
  • 09: 50 AM
Latest News arrow

ആധാറുമായി പാന്‍കാർഡ് ലിങ്ക് ചെയ്തോ? മാര്‍ച്ച് 31-നകം ചെയ്തില്ലെങ്കില്‍ പാന്‍ റദ്ദാക്കപ്പെടാം

ന്യൂഡല്‍ഹി : മാര്‍ച്ച് 31നകം പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാന്‍ റദ്ദാക്കപ്പെടാനിടയുണ്ട്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കണം. മാര്‍ച്ച് 31 ആണ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുളള അവസാന തീയ്യതി. മാര്‍ച്ച് 31നകം അധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷം തന്നെ 11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കി. 

മാര്‍ച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി നിര്‍ജീവമായേക്കാം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നു മാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. നിലവില്‍ സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്.