• 27 May 2019
  • 12: 01 PM
Latest News arrow

ജാപ്പനീസ് ഭാഷ മലയാളികൾക്കും പഠിയ്ക്കാം: ജാപ്പനീസ്-മലയാളം നിഘണ്ടു യാഥാർത്ഥ്യമായി

പതിനഞ്ച് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവില്‍ ജാപ്പനീസ്-മലയാളം നിഘണ്ടു പുറത്തിറക്കി. കണ്ണൂര്‍ തലശ്ശേരി പാട്യം സ്വദേശിയും ഐക്യരാഷ്ട്രസഭയുടെ കീഴില്‍ മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോഫിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടറായി രണ്ടായിരത്തില്‍ വിരമിക്കുകയും ചെയ്ത ഡോ.കെ.പി.പി നമ്പ്യാരാണ് ജാപ്പനീസ്-മലയാളം നിഘണ്ടു പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രാദേശികഭാഷയില്‍ ബൃഹത്തായ ഈ ജാപ്പനീസ് നിഘണ്ടു പുറത്തിറങ്ങുന്നത്. 

ടോക്യോ സര്‍വ്വകലാശാലയുടെ ഭാഗമായ ഏഷ്-ആഫ്രിക്കന്‍ ഭാഷാ സംസ്‌കാര പഠനകേന്ദ്രത്തിന്റെയും ടോക്യോ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റഡീസിന്റെയും സഹകരണത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിഘണ്ടു പുറത്തിറക്കുന്നത്. 1500 പേജുളള നിഘണ്ടുവില്‍ മൂന്ന് ലക്ഷത്തില്‍പ്പരം ജാപ്പനീസ് വാക്കുകളുടെ മലയാളം ഉച്ചാരണവും അര്‍ത്ഥവുമുണ്ട്. 

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍  നടന്ന പ്രകാശനച്ചടങ്ങില്‍ ആദ്യപ്രതി ജാപ്പനീസ് എംബസി ഡെപ്യൂട്ടി ചീഫ് ഹിഡേകി അസാരി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മന്ത്രി എ.കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.