• 27 May 2019
  • 12: 02 PM
Latest News arrow

റാഞ്ചി ഏകദിനത്തിൽ ഓസീസിന് ജയം

റാഞ്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 41ാം ഏകദിന സെഞ്ചുറിയും (95 പന്തില്‍ 123) വെറുതെയായി. റാഞ്ചിയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. 32 റണ്‍സിനാണ്  ഓസീസ് വിജയിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (113 പന്തില്‍ 104)യുടെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ പ്രത്യേകത. ഇന്ത്യ 48.2 ഓവറില്‍ 281 റൺസെടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു.

95 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലാണ് അദ്ദേഹം സെഞ്ചുറി നേട്ടം കൈവരിക്കുന്നത്. കോലിയെക്കൂടാതെ വിജയ് ശങ്കര്‍ (32), എം.എസ് ധോണി (26), കേദാര്‍ ജാദവ് (26), രവീന്ദ്ര ജഡേജ (24) എന്നിവരാണ് 20ന് മുകളിൽ സ്‌കോർ ചെയ്തത്. ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു. 

ഹാട്രിക്ക് വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ  ഇറങ്ങിയത്. 2-1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.