• 20 Mar 2019
  • 09: 44 AM
Latest News arrow

ലാലേട്ടൻ ഇനി ഇട്ടിമാണി

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ 'ഇട്ടിമാണി- മേഡ് ഇന്‍ ചൈന' എന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ. ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം സിംഗപ്പൂരിലാണ് ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് സിംഗപ്പൂരില്‍  ചിത്രീകരിക്കുക. തുടർന്ന്  തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. ഒരു കോമഡി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നറിയുന്നു. 

'വെള്ളിമൂങ്ങ','ചാര്‍ലി' എന്നീ ചിത്രങ്ങളുടെ അസോസിയേറ്റുകളായിരുന്ന ജിബി, ജോജു എന്നിവര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇട്ടിമാണി- മേഡ് ഇന്‍ ചൈന'. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

നേരത്തെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ 'അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോൾ . അതിന് ശേഷം അടുത്തമാസം അവസാനത്തോടെയായിരിക്കും  ഇട്ടിമാണിയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുക .

'ഒടിയന്‍', 'ലൂസിഫര്‍', 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫർ' റിലീസിനൊരുങ്ങുകയാണ്. 

'കനല്‍' എന്ന ചിത്രത്തിൽ  മോഹന്‍ലാലിന്റെ നായികയായിരുന്ന ഹണി റോസാണ് 'ഇട്ടിമാണി- മേഡ് ഇന്‍ ചൈന'യിലും നായികയാവുന്നത്.

തമിഴ് നടി രാധിക ശരത് കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.