• 27 May 2019
  • 12: 01 PM
Latest News arrow

മെസ്സി തിരിച്ചുവരുന്നു; അർജന്റീനയുടെ ജേഴ്സിയണിഞ്ഞ്

ബ്യൂണസ് അയേഴ്‌സ്: ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത. ലയണല്‍ മെസ്സി വീണ്ടും അര്‍ജന്റീനയുടെ ജേഴ്‌സിയണിയുന്നു.

വെനിസ്വേലയ്‌ക്കെതിരേ മാര്‍ച്ച് 22ന് റയല്‍ സ്‌പെയിനില്‍ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ കളിച്ചു കൊണ്ടാണ് മെസ്സിയുടെ തിരിച്ചുവരവ്. കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച ദേശീയ ടീമിന്റെ ക്യാപ്റ്റനും മെസ്സിയാണ്. 

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം ദേശീയ ടീമില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു മെസ്സി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും  മെസ്സി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ലോകകപ്പിലെ തോൽവി മെസ്സിയെ നിരാശനാക്കിയിരുന്നു. അതുകൊണ്ടാണ് അനിശ്ചിതമായി ടീമില്‍ നിന്നും മാറി നിന്നത്. ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും സ്‌കലോനിയുമെല്ലാം മെസ്സിയെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും അദ്ദേഹം മൗനം തുടരുകയായിരുന്നു. 

എന്നാൽ, അര്‍ജന്റീന ടീമിനൊപ്പം ഒരു തവണ കൂടി കളിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് മെസ്സി ദേശീയ ടീമിലേക്കു മടങ്ങിവന്നതെന്ന് കോച്ച് സ്‌കലോനി പറഞ്ഞു. "നേരത്തേ ഒരു തവണ വിരമിച്ച ശേഷം വീണ്ടും അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞ താരമാണ് മെസ്സി. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കേറ്റ തിരിച്ചടി തീര്‍ച്ചയായും നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ അതിനു ശേഷം അര്‍ജന്റീനയുടെ യുവനിര തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോഴത്തെ ടീമിന്റെ പ്രകടനത്തില്‍ മെസ്സിയും സന്തോഷവാനാണ്. ഇതാണ് ഒരിക്കല്‍ക്കൂടി അര്‍ജന്റീനയ്ക്കായി കളിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്"- സ്‌കലോനി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്കുവേണ്ടി കന്നിക്കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് മെസ്സി.