• 20 Mar 2019
  • 08: 53 AM
Latest News arrow

ഇംഗ്ലണ്ടിനെതിരായ ട്വന്റി20: പരമ്പര കൈവിട്ട് ഇന്ത്യൻ വനിതകൾ

ഗുവാഹത്തി: ഇംഗ്ലണ്ടിനെതിരായ വനിതകളുടെ രണ്ടാം ട്വന്റി20യില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. 112 റണ്‍സ് വിജയലക്ഷ്യം, അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ 19 .1 ഓവറിൽ 114 റൺസെടുത്ത് ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. കഴിഞ്ഞ കളിയിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് നേടി(2-0). 

ഡാനിയേല വ്യാറ്റാണ് അര്‍ദ്ധ സെഞ്ചുറി നേടി ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. വ്യാറ്റ് പുറത്താകാതെ 55 പന്തില്‍ 64 റണ്‍സെടുത്തു. കളിയിലെ താരവും വ്യാറ്റാണ്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 20 റണ്‍സെടുത്ത മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി കാതറിന്‍ മൂന്നും ലിന്‍സി രണ്ടും വിക്കറ്റ് വീഴ്‌ത്തി.

തുടക്കത്തിൽ തന്നെ ഇന്ത്യ വീഴാൻ തുടങ്ങിയിരുന്നു. 34 റണ്‍സിനിടെ  മന്ഥാന(12), ജെമീമ(2), ഹര്‍ലീന്‍(14) എന്നിങ്ങനെ മൂന്ന് വിക്കറ്റ് നഷ്ടമായി. ദീപ്തി ശര്‍മ്മ(18), മിതാലി രാജ്(20), ശിഖാ പാണ്ഡെ(3), ടനിയ ഭാട്ട്യ(1), ഭാരതി(18) എന്നിങ്ങനെ പിന്നീട് വന്നവർ ഓരോരുത്തരായി പുറത്തായി. രാധയും(3) ഏക്തയും(2) പുറത്താകാതെ നിന്നു.