• 20 Mar 2019
  • 09: 51 AM
Latest News arrow

പ്രസവിച്ചത് 'അച്ഛൻ'; പാല് കിട്ടാതെ കുഞ്ഞ്

ടെക്‌സാസ് :  ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനും കുഞ്ഞ് പിറന്നു.  നിലവില്‍ 28 വയസ്സുളള ഇരുവരും തങ്ങളുടെ 21ാം വയസ്സിലായിരുന്നു സ്ത്രീത്വത്തില്‍ നിന്നും പുരുഷത്വത്തിലേക്ക് ട്രാന്‍സിറ്റ് ചെയ്യാന്‍ തുടങ്ങിയത്. അങ്ങനെ പുരുഷന്മാരായ ദമ്പതികള്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞ് പിറന്നത് വാര്‍ത്തയായി തീര്‍ന്നിരിക്കുകയാണ്. 

സിംപ്‌സന് സ്ത്രീയുടെ പ്രത്യുല്‍പാദന അവയവങ്ങളും ഗർഭപാത്രവും ഉണ്ടെങ്കിലും ആര്‍ത്തവം പോലുമില്ലാതെ എങ്ങനെ ഗര്‍ഭിണിയായെന്ന സംശയത്തിലാണ് സിംസണും സ്റ്റീഫനും. കുഞ്ഞിനെ ലഭിക്കുന്നതിനായി സിംപ്‌സന്‍ ടെസ്റ്റോസ്‌റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും ഗര്‍ഭം ഉണ്ടാകില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പക്ഷേ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് 2018 ഫെബ്രുവരിയില്‍ സിംപ്‌സന് ഗര്‍ഭമുണ്ടെന്ന് വെളിപ്പെടുകയായിരുന്നു! കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സിംപ്‌സന്റെ വയറ്റിൽനിന്നും എമര്‍ജന്‍സി സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തത്. 

പുരുഷനായി ട്രാന്‍സിറ്റ് ചെയ്തതിന്റെ ഭാഗമായി സിംപ്‌സണ്‍ തന്റെ സ്തനങ്ങള്‍ ശസ്ത്രക്രിയ ചെയ്ത് കളഞ്ഞിരുന്നു. അതിനാല്‍ കുഞ്ഞിന് മുലകൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുളളത്. ഇതിനാൽ രണ്ട് അച്ഛന്മാരും പാലിനായി നെട്ടോട്ടമോടുകയാണ്.  

ഗര്‍ഭകാലത്തെ ജീവിതവും ഇപ്പോള്‍  മാതാപിതാക്കളായതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഇവര്‍ വെളിപ്പെടുത്തുന്നുമുണ്ട്. തുടക്കത്തില്‍ മാതാപിതാക്കളാകാന്‍ ഇരുവരും ഒരുങ്ങിയിരുന്നില്ല. ഗര്‍ഭത്തിനിടയില്‍ സിംപ്‌സന് അപരിചിതരില്‍ നിന്ന് പോലും കടുത്ത പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.  ഗര്‍ഭമുളള ഒരു പുരുഷരൂപം റോഡിലൂടെ നടന്ന് പോകുമ്പോള്‍ ആളുകള്‍ പരിഹാസത്തോടെയാണ് നോക്കിയിരുന്നതെന്ന് സിംപ്‌സന്‍ പറയുന്നു. ചിലര്‍ പരസ്യമായി തന്നെ പരിഹസിച്ചിരുന്നുവെന്നും സിംപ്‌സന്‍ വെളിപ്പെടുത്തുന്നു.  

ഇക്കഴിഞ്ഞ ദിവസമായിരുന്നു റോവാന്‍ എന്ന് പേരിട്ട കുഞ്ഞിന് ആറുമാസം തികഞ്ഞത്. കുഞ്ഞ് പിറന്നതില്‍ ദമ്പതികള്‍ക്ക് സന്തോഷമേറെയുണ്ടെങ്കിലും പ്രസവത്തെ തുടര്‍ന്ന് നാട്ടുകാരുടെ അധിക്ഷേപം പെരുകി വന്നതിനാല്‍ മനംനൊന്ത് ഇനിയൊരു പ്രസവത്തിനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിംപ്‌സന്‍ .  

കുഞ്ഞ് ജനിച്ചതോടെ തങ്ങളുടെ ബന്ധം ഒന്ന് കൂടി ദൃഢമാവുമെന്നാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ പറയുന്നത്.