• 20 Mar 2019
  • 09: 42 AM
Latest News arrow

'90 മില്ലി' വിവാദക്കുരുക്കിൽ

ചെന്നൈ: '90 ml' എന്ന തമിഴ് ചിത്രത്തിനെതിരെ പരാതിയുമായി നാഷണല്‍ ലീഗ് പാർട്ടി(എൻഎൽപി). ഈ സിനിമ സംസ്ക്കാരത്തെയും യുവത്വത്തെയും കളങ്കപ്പെടുത്തുന്നുവെന്നാണ് ഇവരുടെ ആരോപണം. ചിത്രത്തിലെ നായിക ഓവിയയ്ക്കും നിർമ്മാതാവും രചയിതാവും സംവിധായികയുമായ അനിതാ ഉദീപിനും എതിരെ ആരോപണമുന്നയിച്ച് എൻഎൽപി സംസ്ഥാന വനിതാ വിഭാഗം നേതാവ്  ആരിഫ റസാക്ക് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി.

" '90 ml' എന്ന ചിത്രം തമിഴ് സിനിമയെ കളങ്കപ്പെടുത്തുന്നതാണ്. സിനിമയുടെ ടൈറ്റില്‍ തന്നെ മദ്യപാനികള്‍ ഉപയോഗിക്കുന്ന വാക്കാണ്. ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്ന രം​ഗങ്ങളുണ്ട് ചിത്രത്തിൽ‌. വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള രംഗങ്ങളും സാംസ്‌കാരിക മൂല്യങ്ങളെ പരസ്യമായി എതിര്‍ക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ചിത്രത്തിന്റെ ട്രെയിലറിന് വരെ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള  സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെയാണ് അനുവാദം നൽകുക? "- ആരിഫ റസാക്ക് പരാതിയിൽ ചോദിക്കുന്നു.

മലയാളിയായ ആന്‍സന്‍ പോൾ, മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തമിഴ് നടൻ ചിമ്പുവാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥി താരമായി  ചിമ്പു അഭിനയിക്കുന്നുണ്ട്.