• 18 Sep 2019
  • 07: 25 AM
Latest News arrow

വരികയായി ഹൈപ്പർലൂപ്പ്; പൂണെ-മുംബൈ അരമണിക്കൂർ !

ഹൈപ്പര്‍ലൂപ്പ് എന്ന് നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയുള്ളൂ. ഹോളിവുഡിലെ ഏതാനും സയൻസ് ഫിക്ഷൻ സിനിമകളിലും ജെയിംസ് ബോണ്ട് സിനിമകളിലും കുഴലിലൂടെ കുതിക്കുന്ന ഈ യാത്രാസംവിധാനം നാം കാണുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ലോകമെങ്ങും ഇത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. സമയം ഏറെ വിലപ്പെട്ടതാകുന്ന വർത്തമാനകാലത്ത് യാത്രാസമയത്തില്‍ വൻ കുറവ് വരുത്താന്‍ കഴിയുമെന്നതാണ് ഹൈപ്പർലൂപ്പിലേക്ക് ലോകത്തെ ആകർഷിക്കുന്നത്.

വാക്വംട്യൂബുകളിലൂടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ചക്രങ്ങളില്ലാത്ത വാഹനങ്ങളാണ് (പോഡുകള്‍) ഹൈപ്പര്‍ലൂപ്പ്. അതിവേഗ ഗതാഗത സംവിധാനമായ ഇതിന് മണിക്കൂറില്‍ 600 മൈല്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ഇലക്ട്രിക് കാറുകള്‍, സ്വകാര്യ റോക്കറ്റുകള്‍ എന്നിവയിലൂടെ പ്രശസ്തനായ   ഇലോണ്‍ മസ്‌കിന്റെ ആശയമാണ് ഹൈപ്പര്‍ലൂപ്പ് . കാന്തികശക്തിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വായുരഹിത ട്യൂബുകളിലൂടെ യാത്ര ചെയ്യുന്നതിനാല്‍ വളരെ കുറച്ച് ഊര്‍ജ്ജം മാത്രമേ ആവശ്യമുള്ളൂ. വാഹനം ട്യൂബിന് അകത്തുകൂടി ഓടുന്നതിനാല്‍ അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ വാഹനത്തെ ബാധിക്കുകയില്ല. 

ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണയോട്ടം അമേരിക്കയിലെ നെവാദയില്‍ തുടങ്ങി എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 'വര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വൺ' എന്ന കമ്പനിയാണ് പരീക്ഷണയോട്ടം നടത്തുന്നത്. ലാസ് വെഗാസിലെ 1640 അടി നീളവും 11 അടി ഉയരവുമുള്ള സ്ട്രിപ്പിലാണ് വര്‍ജിന്റെ പരീക്ഷണം. പരീക്ഷണത്തില്‍ വാഹനത്തിന് മണിക്കൂറില്‍ 240 മൈല്‍ വേഗത കൈവരിക്കാനായി. ഇത് ഘട്ടംഘട്ടമായി 600 മൈല്‍ ആക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 

ഈ വാർത്ത കേൾക്കുമ്പോൾ ഇന്ത്യക്കാർക്കും സന്തോഷിക്കാം. കാരണം  ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് സ്ഥാപിക്കുന്നതിനുള്ള കരാർ സ്വന്തമാക്കിയിരിക്കുന്നതും ഈ കമ്പനിയാണ്‌. ഇന്ത്യക്കാരുടെ കാത്തിരിപ്പിനും വിരാമമാകുന്നു എന്നർത്ഥം. മഹാരാഷ്ട്രയിലെ പൂണെയ്ക്കും മുംബൈയ്ക്കും ഇടയിലാകും ഹൈപ്പർലൂപ്പ്  സ്ഥാപിക്കുക. ഈ സംവിധാനം നിലവില്‍ വന്നാൽ ഇപ്പോൾ മൂന്നോ നാലോ മണിക്കൂറുകൾ എടുക്കുന്ന ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അരമണിക്കൂർ മാത്രമാകും. ഇന്ധനച്ചെലവ് ഇല്ലാത്തതിനാൽ  പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലാഭം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ്. ടിക്കറ്റ് വരുമാനത്തിന് പുറമെ ചരക്കുനീക്കം, പരസ്യപ്രദര്‍ശനം, മറ്റ് സേവനങ്ങള്‍ എന്നിവയിലൂടെയും വരുമാനം ഉണ്ടാക്കാമെന്ന് കമ്പനി കരുതുന്നു. 
 
അമേരിക്കയ്ക്ക് പുറമെ കാനഡയിലും വിവിധ കമ്പനികള്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങളാണ് നടത്തുന്നത്. വർജിന്‍ ഹൈപ്പര്‍ലൂപ്പിന് പുറമെ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും ടൊറന്റോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോഡും ഈ രംഗത്തെ രണ്ട് പ്രമുഖ കമ്പനികളാണ്. കോടിക്കണക്കിന് ഡോളർ ഈ  മൂന്ന് കമ്പനികളും ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന് വേണ്ടി നിക്ഷേപിച്ചിട്ടുണ്ട്. 

ട്രാന്‍സ്‌പോഡ്, കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ കാല്‍ഗരിക്കും എഡ്മന്റനും ഇടയില്‍ 180 മൈല്‍ ദൂരത്തില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം ആരംഭിക്കും. ഇതിന് പുറമെ ഫ്രാന്‍സിലും കമ്പനി ട്രാക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് അബുദാബി, യുഎഇ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഹൈപ്പര്‍ലൂപ്പ് തുടങ്ങും.