• 22 Sep 2023
  • 03: 57 AM
Latest News arrow

"ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണം"- ഫാത്തിമ ഭൂട്ടോ

വാഷിങ്ടണ്‍: പാക്ക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാണ്ടർ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് എഴുത്തുകാരിയും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ അനന്തരവളുമായ ഫാത്തിമ ഭൂട്ടോ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകൻ മുർത്തസ ഭൂട്ടോയുടെ മകളാണ് ഫാത്തിമ. 

ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയായിരുന്നു ഫാത്തിമ ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. "ഞാനും എന്നെപോലുള്ള നിരവധി യുവ പാക്കിസ്ഥാന്‍ പൗരന്‍മാരും ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിലൂടെ സമാധാനത്തിനും മാനവികതയ്ക്കുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത കാണിക്കണം."- ഫാത്തിമ ഭൂട്ടോ പറഞ്ഞു.

"യുദ്ധത്തില്‍ ഞങ്ങള്‍ ജീവിതകാലം ചെലവഴിച്ചു. പാക്കിസ്താനി ജവാന്‍മാര്‍ മരിക്കുന്നത് കാണാന്‍ എനിക്ക് താല്‍പര്യമില്ല. ഇന്ത്യന്‍ പട്ടാളക്കാരുടെ കാര്യത്തിലും അങ്ങനെ തന്നെ. നമ്മുടേത് അനാഥരുടെ ഉപദ്വീപായി മാറരുത്. സംസാരിക്കാനുള്ള അവകാശത്തിനായി  പോരാടുന്നവരാണ് ഞാനുള്‍പ്പെടെയുള്ള പാകിസ്താനികളുടെ തലമുറ. സമാധാനത്തിനു വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നതിന് യാതൊരു ഭയവുമില്ല."- അവര്‍ പറഞ്ഞു.

"അയല്‍ക്കാരോട് സമാധാനപരമായി എന്റെ രാജ്യം പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മുമ്പൊന്നും കാണാത്ത വിധത്തില്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മില്‍ ട്വീറ്റര്‍ അക്കൗണ്ടിലൂടെയുള്ള ഒരു യുദ്ധം കാണുന്നുണ്ട്."- ഫാത്തിമ ഭൂട്ടോ ലേഖനത്തില്‍ കുറിച്ചു.