• 28 Feb 2021
  • 06: 08 PM
Latest News arrow

"ഞങ്ങള്‍ വിജയിച്ചു, ഈ ഭൂമിയിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി"

''ഞങ്ങള്‍ വിജയിച്ചു, ഈ ഭൂമിയിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.'' ഏറ്റവും മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'പീരിയഡ്: എന്‍ഡ് ഓഫ് സെന്റന്‍സിന്റെ' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗുനീത് മോംഗയുടെ വാക്കുകളാണിവ.

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ രണ്ടാം നിര പൗരന്‍മാരായി കണക്കാക്കുന്ന ഇന്ത്യന്‍ സമൂഹത്തെ അവതരിപ്പിച്ച ഡോക്യുമെന്ററിയാണ് 'പീരിയഡ്: എന്‍ഡ് ഓഫ് സെന്റന്‍സ്'. ശബരിമലയില്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടത്തോട് കേരള സമൂഹം എങ്ങിനെ പ്രതികരിച്ചുവെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആര്‍ത്തവത്തിന്റെ പേരില്‍ ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അസമത്വത്തെ തുറന്നു കാട്ടിയ ഒരു ഡോക്യുമെന്ററിയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത് വലിയ വിജയം തന്നെയാണ്. 

ഡല്‍ഹി നഗരത്തിന്റെ പുറമ്പോക്കിലുള്ള ഹാപൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ നടത്തിയ നിശബ്ദ വിപ്ലവമാണ് ലോക സിനിമയുടെ നെറുകയില്‍ നിന്ന് ഉദ്ഘാഷിക്കുന്നത്. ഇന്ത്യയുടെ പാഡ് മാന്‍ അരുണാചലം മുരുകാനന്ദത്തിന്റെ കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാവുന്ന മെഷീന്‍ ഈ ഗ്രാമത്തില്‍ സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഡോക്യുമെന്ററി കാണിച്ചുതരുന്നത്. 

ആര്‍ത്തവകാലത്ത് തുണികളുമായി മല്ലിടുന്ന സ്ത്രീകള്‍ക്ക് ആശ്വാസമാണ് പാഡുകള്‍. എന്നാല്‍ അവ ഉപയോഗിക്കാന്‍ ഗ്രാമങ്ങളിലെ സ്ത്രീകളെ പ്രേരിപ്പിക്കുകയെന്നത് ശ്രമകരമായിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ദി പാഡ് പ്രൊജക്ട്' എന്ന എന്‍ജിഒ ഹാപൂറിലെ സ്ത്രീകളെ ഇതിനായി സജ്ജമാക്കി. സ്ത്രീകളെ കൊണ്ട് തന്നെ പാഡുകളുടെ വില്‍പ്പന നടത്തി. എന്നാല്‍ ഈ ഗ്രാമത്തിലെ പുരുഷന്‍മാര്‍ക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആര്‍ത്തവം എന്ന് ഉച്ചരിക്കുന്നത് പോലും അപരാധമായി കാണുന്ന സമൂഹമായിരുന്നു അത്. 

പാഡുകള്‍ വില്‍ക്കുന്നതിന് വേണ്ടി സ്ത്രീകള്‍ ഓരോ വീടിന്റെയും വാതില്‍ക്കല്‍ ചെന്ന് മുട്ടും. ഇവരെ കാണുന്നതോടെ പുരുഷന്‍മാര്‍ അകത്തേയ്ക്ക് ഓടിമറയും. ഇങ്ങിനെയുള്ള പുരുഷന്‍മാരോട് ആ സ്ത്രീകള്‍ക്ക് പറയേണ്ടിവന്നു, '' ഇറങ്ങി വരൂ... ഞങ്ങള്‍ കടിയ്ക്കില്ല'' എന്ന്. 

ഹാപൂറിലെ സ്ത്രീകളുടെ ഈ പോരാട്ടം ആര്‍ത്തവത്തിന്റെ പേരില്‍ തങ്ങള്‍ അനുഭവിക്കുന്ന അസമത്വത്തിനെതിരെ പോരാടാന്‍ ലോകത്തിലെ ഓരോ സ്ത്രീയ്ക്കും പ്രചോദനം നല്‍കുന്നുവെന്ന് പുരസ്‌കാരവേളയില്‍ ഡോക്യുമെന്ററിയുടെ സംവിധായിക റായ്ക സെഹ്താബ്ജി പറഞ്ഞു. ഇറാനിയന്‍-അമേരിക്കന്‍ സംവിധായികയായ റായ്കയെ ഈ ഡോക്യുമെന്ററിയിലേക്ക് എത്തിച്ചത് അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ വിദ്യാര്‍ത്ഥിനികളാണ്. ആര്‍ത്തവ ദിവസങ്ങളില്‍ വൃത്തിയായി വസ്ത്രം ധരിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകുന്നുവെന്ന വാര്‍ത്ത ആ വിദ്യാര്‍ത്ഥികളില്‍ വലിയ ഞെട്ടലുളവാക്കി. തുടര്‍ന്ന് ഇവര്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ 3000 ഡോളര്‍ സംഘടിപ്പിച്ച് ഒരു പാഡ് നിര്‍മ്മാണ മെഷീന്‍ വാങ്ങി 'ആക്ഷന്‍ ഇന്ത്യ' എന്ന ഇന്ത്യന്‍ എന്‍ജിഒ വഴി സംഭാവന ചെയ്തു. ഇതുകൊണ്ട് അവര്‍ തൃപ്തരായില്ല. ആര്‍ത്തവത്തോടുള്ള പുരുഷന്‍മാരുടെ തെറ്റായ സമീപനത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതിനായി വിദ്യാര്‍ത്ഥിനികളിലൊരാളുടെ രക്ഷിതാവ് ഇന്ത്യന്‍ സിനിമാക്കാരിയായ ഗുനീത് മോംഗയുമായി ബന്ധപ്പെട്ടു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകണമെന്ന അവരുടെ ക്ഷണം മോംഗ സസന്തോഷം സ്വീകരിച്ചു.

അങ്ങിനെ ഉത്തര്‍പ്രദേശിലെ ഹാപൂറിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പോരാട്ടത്തെക്കുറിച്ച്, അവരുടെ ഗ്രാമത്തില്‍ പാഡ് മെഷീന്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് അവര്‍ക്കുണ്ടായ അനുഭവത്തെക്കുറിച്ച്‌വിവരിക്കുന്ന 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഉണ്ടായി. ആ ഡോക്യുമെന്ററി ലോകചലച്ചിത്ര വേദിയില്‍ ചലനമുണ്ടാക്കി. അനേകം സ്ത്രീകള്‍ക്ക് പോരാട്ട വീര്യം പകരാനുള്ള മാര്‍ഗദീപമായി.

.