• 22 Sep 2023
  • 02: 44 AM
Latest News arrow

'തേജസി'ല്‍ പറന്നുയര്‍ന്ന് സിന്ധു ചരിത്രത്തിലേക്ക്

ബംഗളുരൂ: ഇന്ത്യയുടെ തദ്ദേശനിര്‍മിത ലഘു പോര്‍വിമാനമായ 'തേജസി'ല്‍ പറന്നുയര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും. രണ്ടു സീറ്റുള്ള 'തേജസ്' ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റിന്റെ സീറ്റിലിരുന്നാണ് സിന്ധു ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്. 'തേജസ്' യുദ്ധവിമാനം പറപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സിന്ധു. ബംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തില്‍ നടക്കുന്ന എയ്‌റോ ഇന്ത്യാ വ്യോമപ്രദര്‍ശനത്തിലാണ് സിന്ധുവിന്റെ പറക്കല്‍. വിമാന യാത്രകള്‍ ഏറെയിഷ്ടമാണെങ്കിലും യുദ്ധവിമാനം പറത്താന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിന്ധു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കരസേന മേധാവി ബിപിന്‍ റാവത്ത് 'തേജസ്സ് മാര്‍ക്ക്-1' വിമാനത്തില്‍ പൈലറ്റായി പറന്നിരുന്നു.

2013ലാണ് 'തേജസി'ന് പ്രാഥമിക പ്രവര്‍ത്തന അനുമതി ലഭിച്ചത്. 'തേജസ് മാര്‍ക്ക്-1' യുദ്ധവിമാനം 2016ല്‍ വ്യോമസേന ഏറ്റെടുത്തിരുന്നെങ്കിലും യുദ്ധമുഖത്ത് ഉള്‍പ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. വിദൂര മിസൈല്‍ ശേഷി, പറക്കുന്നതിനിടെ ഇന്ധനം നിറക്കാനുള്ള സംവിധാനം തുടങ്ങിയവയാണ് 'തേജസി'ന്റെ പ്രത്യേകതകള്‍.