• 27 May 2019
  • 12: 00 PM
Latest News arrow

ബാലികയെ അപകടത്തിൽ നിന്ന് സംരക്ഷിച്ച് കാട്ടുകൊമ്പൻ!

കൊൽക്കത്ത: വിവേചനബുദ്ധി മനുഷ്യർക്കോ മൃഗങ്ങൾക്കോ കൂടുതൽ? മനുഷ്യൻ മനുഷ്യനെ വെട്ടിക്കൊന്ന്  സമൂഹത്തിൽ കളങ്കം ചാർത്തുന്ന വർത്തമാനകാലത്ത് ഒരു ബാലികയെ അപകടത്തിൽ നിന്നും രക്ഷിച്ച് കാട്ടുകൊമ്പൻ! പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നുമാണ് ഈ സദ്‌വാർത്ത ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ജൽപായ്ഗുരി ജില്ലയിലുള്ള ഗാരുമാര വനപ്രദേശത്താണ് സംഭവം. വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 31-ലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ബിസിനസുകാരനായ നിതുഘോഷും ഭാര്യ തിത്ലിയും മകൾ അഹാനയും. വനത്തിലുള്ള ക്ഷേത്രത്തിൽ പൂജ നടത്തി ലതാഗുരിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ. പെട്ടെന്നാണ് കാട്ടാനക്കൂട്ടം റോഡ‍് മുറിച്ചു കടന്നത്. ഇതുകണ്ട നിതു ഘോഷ് സ്കൂട്ടർ നിർത്തി.

കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടന്നശേഷം ഇവർ യാത്ര തുടരവേ, കുറച്ച് ആനകൾ കൂടി  വീണ്ടും  റോഡിലെത്തുകയായിരുന്നു. ആനകളെ ഇടിക്കുമെന്ന് കണ്ട് പെട്ടെന്ന് നീതു ഘോഷ്  ബ്രേക്കിടുകയും മൂവരും റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. ഇതുകണ്ട് ഒരു കാട്ടുകൊമ്പൻ ഓടിവന്ന്  അഹാനയെ തന്റെ നാലുകാലിനുള്ളിലാക്കി സംരക്ഷിച്ചു നിന്നു. ഒപ്പമുണ്ടായിരുന്ന മറ്റാനകൾ പോയ ശേഷം പരിസരം ആകെയൊന്ന് വീക്ഷിച്ചാണ് ആ കാട്ടുകൊമ്പൻ പിന്മാറിയത്. ഇവരുടെ സ്കൂട്ടറിന് തൊട്ടുപിറകിലുണ്ടായിരുന്ന ഒരു ട്രക്ക് ഡ്രൈവർ നിരന്തരം ഹോൺ മുഴക്കി കുട്ടിയെ ചെന്നെടുത്ത് മാതാപിതാക്കൾക്ക് നൽകുകയും ലതാഗുരിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.   

സ്കൂട്ടറിൽ നിന്നു വീണ് സാരമായി പരിക്കേറ്റ നീതു ഘോഷും തിത്ലിയും  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഹാനയ്ക്ക് പുറമെ പരിക്കില്ലെങ്കിലും കടുത്ത മാനസികാഘാതത്തിനിരയായതായി ഡോക്ടർമാർ പറഞ്ഞു.  

ഈ പ്രദേശത്ത് മിക്കപ്പോഴും കാട്ടാനകൾ റോഡ് മുറിച്ചു കടക്കാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ  അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ആനകളുടെ ആക്രമണത്തിൽ ഒരു വിനോദസഞ്ചാരി കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.