• 27 May 2019
  • 12: 02 PM
Latest News arrow

കുഴൽക്കിണറിൽവീണ ആറുവയസ്സുകാരനെ 16 മണിക്കൂർ പരിശ്രമിച്ച് രക്ഷിച്ചു

മുംബൈ: കുഴൽക്കിണറുകളിൽ കുട്ടികൾ പതിക്കുന്നത് തുടർക്കഥയാവുന്നു. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് 70 കിലോമീറ്റർ അകലെയുള്ള ​ഗ്രാമത്തിൽ നിന്നാണ് കുഴൽക്കിണറിൽ കുട്ടി കുടുങ്ങിയ വാർത്ത പുറത്ത് വരുന്നത്. 200 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് ആറ് വയസ്സുകാരൻ പതിച്ചത്. 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു. ബുധനാഴ്ച വൈകീട്ട്  അഞ്ച് മണിക്കായിരുന്നു സംഭവം. 

ജാദവ് വാഡിയിലെ  തൊരണ്ടലെ ഗ്രാമത്തിൽ വീടിന് സമീപത്ത്  കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രവി പണ്ഡിറ്റ് ബിൽ എന്ന  ആറുവയസ്സുകാരൻ  കാൽതെറ്റി മൂടിയില്ലാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നു. കുഴൽക്കിണറിന്റെ പത്തടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്.  മകനെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കുഴൽക്കിണറിനുള്ളിൽ കണ്ടെത്തിയത്. 

വിവരമറിഞ്ഞെത്തിയ പൊലീസും ദേശീയ ദുരന്തനിവാരണ സേനയും ചേർന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനുശേഷം പുലർച്ചെയാണ് കുട്ടിയെ രക്ഷിച്ചെടുത്തത്.  കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.