• 25 Apr 2019
  • 12: 29 AM
Latest News arrow

ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി

ലണ്ടന്‍: നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞു. ഇംഗ്ലണ്ട് വേദിയാവുന്ന ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ(ഐസിസി) ഏകദിന ലോകകപ്പിന്റ 100 ദിവസത്തെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെയ് 30ന് ഓവലില്‍ നടക്കുന്ന പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുന്നത്. ഇവർക്കു പുറമെ, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് കിരീടപ്പോരാട്ടത്തിനായി ക്രീസിലിറങ്ങുക. ഏകദിനത്തിലെ ഏറ്റവും മികച്ച 10 ടീമുകളാണ് ഇവർ. റൗണ്ട് റോബിന്‍ രീതിയിലായിരിക്കും മല്‍സരങ്ങള്‍. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകളാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. ജൂലൈ 14നാണ് ലോകചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

അതേസമയം,  ജൂൺ 16 ന് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ മല്‍സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ശക്തമാണ്. പല മുന്‍ താരങ്ങളും ഇത്തരമൊരു ആവശ്യമുന്നയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ കളിച്ചില്ലെങ്കിലും മറ്റു മല്‍സരങ്ങള്‍ ജയിച്ച് ലോകകിരീടം നേടാനുള്ള മിടുക്ക് ഇന്ത്യക്കുണ്ടെന്നാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പ്രതികരിച്ചത്. 

എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും  തമ്മിലുള്ള മല്‍സരം റദ്ദാക്കില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്‌സന്‍ അറിയിച്ചു. നിലവിലെ മല്‍സരക്രമത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുകയാണെന്നും റിച്ചാര്‍ഡ്‌സന്‍ പറഞ്ഞു. "ക്രിക്കറ്റ് മറ്റു ഗെയിമുകളില്‍ നിന്നും വ്യത്യസ്തമാണ്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള, വ്യത്യസ്തമായ സംസ്‌കാരമുള്ള ആളുകളെ ഒരുമിച്ച് ഒത്തൊരുമയോടെ കൊണ്ടുപോവാനുള്ള കഴിവ് ക്രിക്കറ്റിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലോകകപ്പിന്റെ മല്‍സരക്രമം നേരത്തേ പ്രഖ്യാപിച്ചതാണ്. അതില്‍ ഇനി മാറ്റം വരുത്താന്‍ കഴിയില്ല. എല്ലാ മല്‍സരങ്ങളും നേരത്തേ തീരുമാനിച്ച അതേ പ്രകാരം തന്നെ നടക്കും."- റിച്ചാര്‍ഡ്‌സ്ന്‍ പറഞ്ഞു.  

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബിസിസിഐ)ക്കുമുള്ളത്. "ഹര്‍ഭജന്‍ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. പ്രാഥമിക റൗണ്ട് മല്‍സരം അവിടെ നില്‍ക്കട്ടെ. എന്നാല്‍ സെമി ഫൈനലിലോ ഫൈനലിലോ പാക്കിസ്ഥാൻ എതിരാളികളായി വന്നാല്‍ എന്തു ചെയ്യും? അപ്പോള്‍ കളിക്കാതെ പിന്‍മാറാന്‍ ഇന്ത്യക്കു കഴിയുമോ?"- ബിസിസിഐ ചോദിക്കുന്നു.