തെരഞ്ഞെടുപ്പിന് വ്യാജന്മാരെ പൂട്ടാനായി വാട്സാപ്പ്; ഓരോ മാസവും 20 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായി കമ്പനി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നവരുടെ അക്കൗണ്ട് പൂട്ടാനൊരുങ്ങി വാട്സാപ്പ്. ഇതിന്റെ ഭാഗമായി ഓരോ മാസവും 20ലക്ഷം അക്കൗണ്ട്സ് നീക്കം ചെയ്യുന്നതായി വാട്സാപ്പ് വെളിപ്പെടുത്തി. ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കി വരികയാണെന്നും വാട്ട്സ്ആപ്പ് സോഫ്റ്റ്വെയര് എന്‍ജിനീയര്‍ മാറ്റ് ജോണ്‍സ് അറിയിച്ചു.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും വാട്ട്സ്ആപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പുവേളകളില്‍ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണെന്നും ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ഇനി തടയുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ വാട്സ് ആപ്പില്‍ ഒരുസമയം അഞ്ച് പേര്‍ക്ക് മാത്രമെ സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിന് 'സ്പ്രെഡ് ജോയി, നോട്ട് റൂമറസ്' എന്ന പേരില്‍ പരസ്യപ്രചരണങ്ങള്‍ തുടങ്ങാനും വാട്സ്ആപ്പ് ആലോചിക്കുന്നുണ്ട്.