• 27 May 2019
  • 12: 10 PM
Latest News arrow

സമൂഹത്തിന്റെ ശരികളെ വലയില്‍ കുരുക്കിമുറുക്കി കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങിയുടെ രാത്രികള്‍ പല കെട്ടിപ്പൊക്കലുകളെയും തച്ചുടയ്ക്കുകയാണ്. കുടുംബമെന്ന കാഴ്ചപ്പാടിനെ തിരുത്തുകയാണ്. സമൂഹത്തിന്റെ സദാചാര ബോധത്തെ വെല്ലുവിളിക്കുകയാണ്. സമൂഹത്തില്‍ അടിയുറച്ചുപോയ പല ബോധങ്ങള്‍ക്ക് നേരെയും കാര്‍ക്കിച്ചു തുപ്പുകയാണ്. 

ഒരു റിബലാണ് ഈ സിനിമ. 

കുടുംബം എന്നതിനെക്കുറിച്ച് സമൂഹത്തിന് പൊതുവായ ഒരു ബോധമുണ്ട്. അതിന് ചില ഘടനയുണ്ട്. അതിലെ ഓരോ അംഗങ്ങളുടെയും പരസ്പര ബന്ധത്തെക്കുറിച്ച് കൃത്യമായ വ്യവസ്ഥയുണ്ട്. സഹോദര ബന്ധത്തെക്കുറിച്ച്, വിവാഹ ബന്ധത്തെക്കുറിച്ച് എല്ലാം സമൂഹത്തിന് ചില വ്യവസ്ഥാപിത നിയമങ്ങളുണ്ട്. അതിന് അപ്പുറത്തേയ്ക്ക് കടന്നാല്‍ അതിനെ കുടുംബമെന്ന് വിളിക്കാന്‍ സമൂഹം തയ്യാറാകില്ല. അത് സമൂഹത്തിന് മുമ്പില്‍ തറവാട്ടില്‍ പിറന്നവര്‍ക്ക് കേറിച്ചെല്ലാന്‍ കഴിയാത്ത ഇടമാകും.

ആ ചട്ടങ്ങളെയും വ്യവസ്ഥകളെയും തച്ചുടച്ചുകൊണ്ട് ഒരു വീട്, കുടുംബം നിര്‍മ്മിച്ചെടുക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സംവിധായകന്‍ മധു സി നാരായണനും. മനുഷ്യര്‍ തമ്മിലുള്ള തീവ്ര വികാരത്തില്‍ ഇഴപിരിച്ചെടുത്ത കുടുംബമാണത്. അതിന് അങ്ങിനെ നിബന്ധനകളൊന്നും ബാധകമല്ല.

ആളുകള്‍ തങ്ങള്‍ക്ക് വേണ്ടാത്തവരെ കൊണ്ടുചെന്ന് എറിയുന്നിടത്ത്, ഒരു തീട്ടപ്പറമ്പിനടുത്താണ് ഈ വീട് കെട്ടിപ്പൊക്കുന്നത്. ആ വീടിന് അടച്ചുറപ്പൊന്നുമില്ല. മുറികളുണ്ട്. ഒരു വീട് എന്ന് പറഞ്ഞ് സമൂഹത്തിന്റെ മുമ്പില്‍ കാണിക്കാന്‍ കൊള്ളാത്ത വീട്. നാല് സഹോദരന്‍മാര്‍. അച്ഛന്റെയും അമ്മയുടെയും ആദ്യ ബന്ധങ്ങളില്‍ അവര്‍ക്കുണ്ടായ ഒരോ മക്കള്‍, സജിയും (സൗബിന് ഷാഹിര്‍) ബോണിയും (ശ്രീനാഥ് ഭാസി). പിന്നെ ആ അച്ഛനും അമ്മയും ഒരുമിച്ചപ്പോള്‍ അവര്‍ക്കുണ്ടായ രണ്ട് മക്കള്‍, ബോബിയും (ഷെയ്ന്‍ നിഗം) ഫ്രാങ്കിയും (മാത്യു തോമസ്). ഏറ്റവും ഇളയവന്‍ ഫ്രാങ്കി ഫുട്‌ബോള്‍ കളിക്കാരനായ പയ്യനാണ്. മൂത്തവന്‍ സജി 'പാര്‍ട്ണര്‍ഷിപ്പില്‍' തേപ്പുകട നടത്തുന്നു. പക്ഷേ പണിയെടുക്കില്ല. ബോണിയ്ക്ക് ഡാന്‍സ് ക്ലാസ് നടത്തുന്നു. ബോണിയ്ക്കും ഫ്രാങ്കിയ്ക്കുമാണ് കുത്തഴിഞ്ഞതുപോലെ കിടക്കുന്ന തങ്ങളുടെ കുടുംബത്തെ കൂട്ടിയിണക്കി മനോഹരമാക്കണമെന്ന തോന്നലുള്ളത്. ബോബിയും സജിയെപ്പോലെ അതുപോലെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ജീവിതത്തെക്കുറിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ അങ്ങിനെ ജീവിച്ചുപോവുകയാണ്. ഇവര്‍ക്ക് പക്ഷേ മീന്‍പിടുത്തത്തില്‍ നല്ല കഴിവുണ്ട്. എന്നാല്‍ സമൂഹത്തില്‍ സ്റ്റാറ്റസ് ഇല്ലാത്തതുകൊണ്ട് രണ്ട് പേരും ആ പണി ചെയ്യില്ല.

ഈ വീട് കൂടാതെ ഒരു വീട് കൂടി സിനിമ കാണിച്ചു തരുന്നുണ്ട്. ബോബിയുടെ കാമുകി ബേബിയുടെ വീട്. അവളും അമ്മയും ചേച്ചി സിമിയും സിമിയുടെ ഭര്‍ത്താവ് ഷമ്മിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നവര്‍. രണ്ട് വീടുകള്‍ തമ്മില്‍ നല്ല അന്തരമുണ്ട്. വീടിന്റെ ബാഹ്യരൂപത്തില്‍ തന്നെ വ്യത്യാസം കണ്ട് അറിയാം. സമൂഹം ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു വീടാണ് വരത്തന്‍ ഷമ്മിയുടേത്. അല്ലെങ്കില്‍ അങ്ങിനെ ആക്കിയെടുക്കാന്‍ ഷമ്മി ശ്രമിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള, കെട്ടുറപ്പുള്ള, വാതിലുള്ള വീട്. മറുവശത്ത് തേയ്ക്കാത്ത വാതിലില്ലാത്ത, അടുക്കും ചിട്ടയുമില്ലാത്ത, എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്ന, അശ്ലീല പുസ്തകങ്ങള്‍ ഒക്കെയുള്ള ഫ്രാങ്കിയുടെ ഭാഷയില്‍ നരകമെന്ന് വിളിക്കാവുന്ന വീട്. 

സമൂഹത്തിന്റെ 'ശരികള്‍'ക്ക് അനുസരിച്ച് ജീവിക്കുന്നവനാണ് ഷമ്മി (ഫഹദ് ഫാസില്‍). സദാചര ബോധത്തില്‍, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളില്‍, സമൂഹം നിര്‍മ്മിച്ചെടുത്ത ശരികള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന മനുഷ്യരുടെ പ്രതിനിധി. ഷമ്മിയെ അവതരിപ്പിക്കുമ്പോള്‍ സമൂഹത്തെ തന്നെയാണ് കാണാന്‍ കഴിയുന്നത്. 

ആണുങ്ങളാരുമില്ലാത്ത ഭാര്യവീട്ടിലേക്ക് ദത്ത് നില്‍ക്കാനെത്തിയ ഷമ്മി വസ്ത്രത്തിലും മീശയുടെ ആകൃതിയില്‍ പോലും 'പെര്‍ഫെക്ഷന്‍' നോക്കുന്നയാളാണ്. ഷര്‍ട്ട് ഇന്‍സൈഡ് ചെയ്താല്‍ അത് ടിപ്പ് ടോപ്പാണെന്ന് കരുതുന്നവന്‍. സീരിയല്‍ കാണുന്ന പെണ്ണുങ്ങളോട് വല്ല ന്യൂസ് ചാനലും കണ്ടുകൂടേ എന്ന് ചോദിക്കുന്നവന്‍. കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് പറയുകയും എന്നാല്‍ തന്റെ രണ്ട് വശത്തുമായി അവരെ ഇരുത്തി താനാണ് ഇവിടുത്തെ കേന്ദ്രം എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നവന്‍. മൂന്ന് പെണ്ണുങ്ങളെയും പാലിക്കേണ്ട ചുമതലയാണ് തനിക്കെന്നും അതുകൊണ്ട് അവര്‍ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കണമെന്നും നിര്‍ബന്ധമുള്ളയാള്‍. ബോബിയുടെ കുടുംബത്തെക്കുറിച്ച് നല്ല തറവാട്ടില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് കേറിച്ചെല്ലാന്‍ പറ്റിയ ഇടമല്ലെന്ന് പറയുന്നയാള്‍. ബോബിയ്ക്ക് അന്തസ്സുള്ള ജോലിയില്ലെന്ന് പറയുന്നയാള്‍... ഇങ്ങിനെ ഒറ്റ നോട്ടത്തില്‍ സമൂഹം 'ശരി' എന്ന് വിളിക്കുന്നയാളാണ് ഷമ്മി. എന്നാല്‍ അവസാനം ആ ശരികളെയെല്ലാം രൂക്ഷമായി പരിഹസിക്കുന്നുണ്ട് സിനിമ. ആ ശരികളെല്ലാം ഭ്രാന്താണെന്ന് ഉറക്കെ വിളിച്ച് പറയുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. 

താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വീരത്വമാണെന്ന് പറഞ്ഞ് പ്രശംസിക്കുന്ന സമൂഹത്തെ വലിച്ചുകീറിയിട്ടുണ്ട് സിനിമ. ഷമ്മിയുടെ ഈ ഡയലോഗിന് ബേബി പറയുന്ന മറുപടി, പല തന്തയ്ക്ക് പിറക്കുകയെന്നത് ടെക്‌നിക്കലി പോസിബിള്‍ അല്ലെന്നാണ്. ഇതില്‍ ഉത്തരം മുട്ടിപ്പോയ ഷമ്മി, ബേബിയുടെ വാക്കുകളെ അശ്ലീലമെന്ന് വിളിച്ചു കൂവുന്നു.

ബേബിയോട് എടീ, പോടീ എന്ന് വിളിച്ച് സംസാരിക്കുന്ന ഷമ്മിയോട്, കൊതുക് ബാറ്റ് അടിച്ച് പൊട്ടിച്ച് അയാളുടെ ഭാര്യ പറയുന്നത്, ഏത് ടൈപ്പ് ചേട്ടനാണെങ്കിലും ബേബി മോളെ എടീ പോടീന്ന് വിളിക്കരുതെന്നാണ്. സ്ത്രീകളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അവരോട് ബഹുമാനം കാണിക്കാത്ത പുരുഷാധിപത്യ സമൂഹത്തെയാണ് ഇവിടെ സിനിമ വിമര്‍ശിക്കുന്നത്.  

പ്രണയത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെയും സിനിമ ചിരിച്ചു തള്ളുന്നു, വെല്ലുവിളിക്കുന്നു. കറുത്തിട്ട്, പല്ലുന്തിയ, കണ്ണ് കുഴിയില്‍ വീണ, ചാണ കേറിയ, മെലിഞ്ഞ ഒരാണിനെ അത്ര കറുത്തിട്ടല്ലാത്ത, പല്ലുന്താത്ത, കണ്ണ് കുഴിയില്‍ വീഴാത്ത, അത്യാവശ്യം തടിയുള്ള ഒരു പെണ്ണ് പ്രേമിച്ചാല്‍ അതിനെ സന്തോഷത്തോടെ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ സമൂഹത്തിന് കഴിയുമോ? അവരുടെ നേര്‍ക്ക് സമൂഹം സമ്മാനിക്കുന്ന ഒരു ചിരിയുണ്ട്. ഷൈനിന്റെ ബോബി അത്ര കൃത്യമായി കാണിച്ചു തരുന്നു.

ഷമ്മിയുടെ വാക്കു കേട്ട് ബേബിയെ കെട്ടാന്‍ അന്തസ്സുണ്ടാക്കാന്‍ പോകുന്ന ബോബി അതിനാകാതെ വരുമ്പോള്‍ തന്റെ പ്രണയം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നുണ്ട്. അപ്പോള്‍ ബേബി ചോദിക്കുന്നത്, ട്രൂ ലവ് എന്നൊന്നില്ലേയെന്നാണ്. അങ്ങിനെ നിബന്ധനകളൊക്കെ വെച്ച് ഒരാളെ കെട്ടാനാണെങ്കില്‍ തനിക്ക് മാട്രിമോണിയില്‍ കൊടുക്കാമായിരുന്നുവെന്നും അവള്‍ പറയുന്നു. 

ബോണിയുടെ പ്രണയവും സമൂഹത്തിന്റെ ശരികള്‍ക്ക് നിരക്കാത്തതാണ്. വിദേശവനിതയുമായുള്ള ബോണിയുടെ ഡെയ്റ്റിങ്, ഷമ്മി ചോദ്യം ചെയ്യുമ്പോള്‍ സദാചാര ബോധമുള്ള സമൂഹത്തെയാണ് അവിടെ കാണാന്‍ സാധിക്കുന്നത്. വിദേശ വനിതയുടെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ വായിട്ടലക്കുന്നത് ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തലാണെന്ന് വ്യക്തമാണ്. അയാളുടെ മുമ്പില്‍ വെച്ച് ആ യുവതി ബോണിയെ ചുംബിച്ചിട്ട് 'വാട്ട് എബൗട്ട് ദിസ്' എന്ന് ചോദിക്കുമ്പോള്‍, മറ്റൊന്നും ചെയ്യാനാകാതെ അയാള്‍ കാര്‍ക്കിച്ച് തുപ്പുകയാണ്. 

സിനിമയിലെ ശക്തമായ മറ്റൊരു കഥാപാത്രമാണ് സൗബിന്‍ ഷാഹിറിന്റെ സജി. വീട്ടിലെ മൂത്ത ചേട്ടനാണ്. ഷമ്മിയെപ്പോലെ കുടുംബത്തിലെ മൂത്തയാളാണ്, കേന്ദ്രസ്ഥാനത്ത് നില്‍ക്കേണ്ടവനാണ്, കുടുംബത്തെ നയിക്കേണ്ടവനാണ്. പക്ഷേ മൂത്തയാളുകളെ ചേട്ടനെന്ന് വിളിച്ച് ബഹുമാനം കൊടുക്കണമെന്ന സമൂഹത്തിന്റെ രീതിയൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. പക്ഷേ, അങ്ങിനെയൊന്നും ആകാന്‍ പറ്റാത്തതിന്റെയോ എന്തോ ദു:ഖം അയാളെ അലട്ടുന്നുണ്ട്. അച്ഛന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കാത്തതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ട്. അല്ലെങ്കില്‍ സമൂഹത്തിലെ ശരികള്‍ക്കൊത്ത് ജീവിക്കാന്‍ പ്രയാസപ്പെടുന്ന ഒരാളാണ് സജി. അതിന് കഴിയാതെ വരുന്നതിന്റെ മാനസിക സംഘര്‍ഷമാകാം അയാള്‍ അനുഭവിക്കുന്നത്. 

അച്ഛന്റെ ഓര്‍മ്മദിവസം ഫ്രാങ്കി പറഞ്ഞപ്പോള്‍ ഓര്‍ത്ത് അച്ഛന്റെ രൂപത്തിന് മുമ്പില്‍ വിളക്ക് കത്തിച്ച്, മൗനമായി നില്‍ക്കുന്ന സജി. ഇതിനെ ഷോയെന്നും പ്രഹസനമെന്നും വിളിക്കുന്ന സഹോദരന്‍മാര്‍. ബോബിയുടെ ഒരു പ്രശ്‌നത്തില്‍ അവനെ ആശ്വസിപ്പിച്ച് തന്നോട് അടുപ്പിച്ച് നിര്‍ത്തുകയും തങ്ങളുടെ വീടിനെ കുറച്ച് കാണുന്ന ഫ്രാങ്കിയെ ശാസിക്കുകയും അടിക്കുകയും ചെയ്യുന്ന സജി ഒരു മൂത്ത ചേട്ടന്റെ റോള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതേ അവസരത്തില്‍ സഹോദരന്‍ ബോണി, അയാളെ പങ്കായത്തിന് തല്ലുന്നു. ഇത് അയാളുടെ മൂത്തയാളെന്ന വികാരത്തിന് വ്രണം ഏല്‍പ്പിക്കുന്നുണ്ട്. ഓസിന് ജീവിക്കുന്നവനാണെന്ന അവരുടെ പഴി കൂടി കേള്‍ക്കുന്നതോടെ അയാള്‍ക്ക് മനസ്സ് മടുക്കുന്നു. ഒരു സാന്ത്വന വാക്ക് കേള്‍ക്കാന്‍ ഉറ്റ സുഹൃത്തിന്റെയടുത്ത് എത്തി മദ്യപിച്ചിരിക്കുമ്പോള്‍ അയാള്‍ പറയുന്നത്, മറ്റുള്ളവര്‍ പറയുന്നതില്‍ എന്തെങ്കിലും പോയിന്റുണ്ടെങ്കില്‍ അത് എടുക്കണമെന്നാണ്. 

മൂത്തയാള്‍ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കണമെന്ന സമൂഹത്തിന്റെ ശാസനത്തിന് നേര്‍ വിപരീതമാണ് തന്റെ അവസ്ഥയെന്ന് മനസ്സിലാക്കുന്ന അയാള്‍ തകര്‍ന്നടിയുന്നു. ആ അവസ്ഥയില്‍ നിന്നും തിരിച്ചുകയറാന്‍ ആഗ്രഹിക്കുന്ന സജി കൊതിക്കുന്നത് ഒന്ന് കരയാനാണ്. പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി നടക്കുന്ന അയാള്‍ പോസ്റ്റില്‍ തലയിടിക്കുന്നത്, തമിഴന്റെ ഭാര്യയോട് തമിഴന്‍ പോയ സ്ഥലത്തേയ്ക്ക് താനും പോവുകയാണ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിക്കുന്നത്, ഫ്രാങ്കിയോട് തന്റെ കിളി പോയിരിക്കുകയാണ് കരയാന്‍ പറ്റുന്നില്ലെന്ന് പറയുന്നത്... എല്ലാം സജിയുടെ മാനസിക സംഘര്‍ഷങ്ങള്‍ എത്ര രൂഢമൂലമാണെന്ന് വെളിവാക്കുകയാണ്. സമൂഹത്തിന്റെ ശരികള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പറയേണ്ടി വരും. പിന്നീട് അയാള്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം അയാളുടെ മനസ്സിന് ശരിയെന്ന് തോന്നുന്നതായിരുന്നു. 

ഒരു വീട്ടിലേക്ക് ഒരു സ്ത്രീ താമസിക്കാന്‍ വരുന്നതിന് സമൂഹത്തിന്റെ മുമ്പില്‍ ഒരു വഴിയേ ഉള്ളൂ. വിവാഹം. അതിനെയും സിനിമ അതിലംഘിക്കുന്നു. കെട്ടിയവന്‍ ചത്തിട്ട് ഒരാഴ്ച പോലും തികയുന്നതിന് മുമ്പ് വേറൊരുത്തന്റെ വീട്ടില്‍ കേറിച്ചെല്ലുന്ന പെണ്ണിനോടുള്ള സമൂഹത്തിന്റെ മനോഭാവം എന്തായിരിക്കും? എന്നാല്‍ നാട്ടുനടപ്പനുസരിച്ചല്ല മനസ്സിന്റെ അടുപ്പമനുസരിച്ചാണ് മനുഷ്യര്‍ പരസ്പരം ബന്ധിക്കപ്പെടേണ്ടെതെന്ന് സിനിമ കാണിച്ചുതരുന്നു. 

ഇത്തരത്തില്‍ പ്രണയം, വിവാഹം, കുടുംബം, സാഹോദര്യം എന്നിവയെ സമൂഹം വാര്‍ത്തെടുത്ത മൂശ തച്ചുടച്ച്, പരസ്പര സ്‌നേഹത്തിന്റെ ഒരു മൂശ നിര്‍മ്മിച്ച് അതില്‍ ഒരു കുടുംബത്തെ വാര്‍ത്തെടുത്തിരിക്കുകയാണ് ശ്യാം പുഷ്‌കരനും മധു സി നാരായണനും. 

സംഭാഷണങ്ങളിലും ഭാവങ്ങളിലുമെല്ലാം അഭിനേതാക്കള്‍ പുലര്‍ത്തിയ സൂക്ഷ്മത എടുത്ത് പറയേണ്ടതാണ്. ഷെയ്‌നിന്റെയും സൗബിന്റെയും അഭിനയമാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ബോബിയെക്കൊണ്ട് ചേട്ടാ എന്ന് വിളിപ്പിക്കുമ്പോള്‍ ഷെയ്‌നിന്റെ ഭാവങ്ങളും പെരുമാറ്റങ്ങളും ശ്രദ്ധപിടിച്ചു പറ്റും. അതിനൊത്ത് ചിരിക്കുന്ന സജിയും രാത്രിയില്‍ തമിഴനുമൊത്ത് മദ്യപിച്ചിരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങളും അതിശയിപ്പിക്കുന്ന മികവിലാണ് സൗബിന്‍ ചെയ്തത്. സിനിമ കഴിഞ്ഞിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം സൗബിന്റെ സജിയാണ്. ഫഹദിനെപ്പോലും വെല്ലുന്ന അസാമാന്യ പ്രകടനമാണ് സൗബിന്‍ കാഴ്ച വെച്ചിരിക്കുന്നത്. ഷെയ്‌നിന്റെയും സൗബിന്റെയും കോംമ്പോ അതിഗംഭീരമാണ്, പ്രത്യേകിച്ചും ആദ്യത്തെ കോംമ്പോ സീന്‍.

സിമിയെയും ബേബിയെയും അവതരിപ്പിച്ച അന്നാ ബെന്നും ഗ്രേസ് ആന്റണിയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അന്നയുടെ ചിരിയും സംഭാഷണങ്ങളും ഗ്രേസിന്റെ ഭാവാഭിനയവും ശ്രദ്ധിക്കപ്പെട്ടു.

തമാശയ്ക്കായി സിനിമയില്‍ ഒന്നും ചേര്‍ത്തിട്ടില്ല. പക്ഷേ, സ്വാഭാവികമായ സംഭാഷണങ്ങളും അഭിനയ മൂഹൂര്‍ത്തങ്ങളും കൊണ്ട് തന്നെ പ്രേക്ഷകനെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സിനിമയ്ക്കായിട്ടുണ്ട്. കുമ്പളങ്ങിയുടെ രാത്രികളും പകലുകളും ഷൈജു ഖാലിദിന്റെ ക്യാമറക്കണ്ണുകളിലൂടെ അതിമനോഹരമായാണ് പ്രേക്ഷകനിലേക്കെത്തുന്നത്. സാധാരണമായ കാഴ്ചകള്‍ക്കെല്ലാം പ്രത്യേക ഭംഗി ലഭിച്ചിരിക്കുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ കഥ പറയാന്‍ ആര്‍ക്കും അത്ര എളുപ്പം പറ്റണമെന്നില്ല. ഈ സിനിമ ഒരു കഥയല്ല പറയുന്നത്, ഒരുപാട് പേരുടെ ജീവിതം കാണിച്ചു തരികയാണ്. അതിനിടയിലൂടെ ചില ആശയങ്ങളും മുന്നോട്ടുവെയ്ക്കുന്നു. പ്രേക്ഷകന്റെ മനസ്സിനെ കുളിര്‍പ്പിക്കുന്നതിനോടൊപ്പം ചിന്തയ്ക്ക് ഭക്ഷണമായും സിനിമ മാറുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും എന്നീ സിനിമകള്‍ക്കൊപ്പം വെയ്ക്കാം കുമ്പളങ്ങി നൈറ്റ്‌സിനെയും.