• 09 Mar 2021
  • 05: 41 AM
Latest News arrow

സാനിറ്ററി പാഡ് അലര്‍ജിയുളളവര്‍ക്ക് ആര്‍ത്തവ ദിനം സുഗമമാക്കാന്‍ ക്ലോത്ത് പാഡുകള്‍

സാനിറ്ററി പാഡുകള്‍ പ്രചാരത്തില്‍ വന്നിട്ട് കുറച്ചു കാലമായെങ്കിലും അലര്‍ജി മൂലം പല സ്ത്രീകളും സാനിറ്ററി പാഡില്‍ നിന്ന് അകലം പാലിക്കുന്ന പ്രവണത കൂടി വരികയാണ്. മാത്രമല്ല പാഡുമാറ്റാന്‍ താമസിക്കുന്നത് അണുബാധയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഉപയോഗിച്ച പാഡുകള്‍  പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവും വളരെയധികമാണ്. പാഡുകളുടെ ഈ അസൗകര്യങ്ങള്‍ പരിഹരിച്ചുകൊണ്ട് പകരം എത്തിയ മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് സാനിറ്ററി പാഡുകളുടെ അത്രയും പ്രചാരം ലഭിച്ചതുമില്ല. എന്നാല്‍ ആരോഗ്യകരമായി കോട്ടണ്‍ തുണികള്‍ ഉപോയോഗിക്കാമെന്ന് വെച്ചാല്‍ ഓഫീസിലും യാത്രയിലും ഇത് സ്ത്രീകള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ആശ്വാസവുമായാണ് കോട്ടണ്‍ ക്ലോത്ത് പാഡുകള്‍ എത്തിയിരിക്കുന്നത്. പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും തുണികൊണ്ടുളള പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നതാണ് ക്ലോത്ത് പാഡുകളെ പ്രിയങ്കരമാക്കുന്നത്. അണുബാധയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നുമില്ല. നിലവില്‍ പ്രധാനമായും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നാണ് ക്ലോത്ത് പാഡുകള്‍ ലഭിക്കുക. വ്യത്യസ്തമായ സൈസുകളില്‍ ക്ലോത്ത് പാഡുകള്‍ ലഭ്യമാണ്. ഓഫീസില്‍ വച്ചോ യാത്രക്കിടയിലോ ഉപയോഗിച്ചതിനുശേഷം വീട്ടിലെത്തി പാഡ് വൃത്തിയാക്കാവുന്നതാണ്.

എന്നാല്‍ പാഡ് പൂര്‍ണമായി നനഞ്ഞു കഴിഞ്ഞാല്‍ രക്തം വസ്ത്രത്തിലേക്ക് വ്യാപിക്കുമെന്ന പോരായ്മ ക്ലോത്ത് പാഡുകള്‍ക്കുണ്ട്. ഉപയോഗശേഷം സാനിറ്ററി പാഡുകള്‍ നിര്‍മാര്‍ജനം ചെയ്യാനുളള സൗകര്യക്കുറവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ കുറവൊന്നുമല്ല. എന്നാല്‍ ക്ലോത്ത് പാഡുകള്‍ റീ യൂസബിളാണ്. പരിസ്ഥിതിക്ക് അനുയോജ്യമെന്ന നിലയില്‍ ക്ലോത്ത് പാഡുകള്‍ വലിയ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. സാധാരണ പാഡുകള്‍ക്ക് സമാനമായ വിങ്‌സുകളും ക്ലോത്ത് പാഡുകള്‍ക്കുണ്ടെന്നതും ഉപയോഗിക്കാനുളള സൗകര്യം വര്‍ധിപ്പിക്കുന്നു.