• 19 Sep 2019
  • 12: 22 AM
Latest News arrow

ഇസ്ലാംമതവിശ്വാസികള്‍ക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ ബ്രൗസറുമായി മലേഷ്യന്‍ സ്റ്റാര്‍ട്ടപ്പ്

ക്വാലാലംപൂര്‍ : ഇസ്ലാംമതവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസനിയമങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാവുന്ന മൊബൈല്‍ ബ്രൗസറുമായി മലേഷ്യന്‍ സ്റ്റാര്‍ട്ടപ്പ്. സലാം വെബ് എന്നാണ് ഇതിന്റെ പേര്. ശരിയത്ത് നിയമങ്ങള്‍ അനുസരിക്കുന്ന ബ്രൗസിങ് അനുഭവമാണ് ബ്രൗസര്‍ നല്‍കുക. സന്ദേശം അയക്കല്‍,വാര്‍ത്തകള്‍ അറിയല്‍ ഉള്‍പ്പെടെയുളള ഫീച്ചറുകള്‍ ബ്രൗസറില്‍ ലഭ്യമാണ്. 

സലാം വെബ്.കോം എന്നാണ് ഈ ബ്രൗസറിന്റെ യു.ആര്‍.എല്‍. നമസ്‌കരിക്കാനുളള ദിക്ക് അറിയുന്നതിനുളള ഖിബില കോമ്പസ്, നമസ്‌കാര സമയം, ദൈനംദിന വചനങ്ങള്‍ എന്നിവയാണ് ഇതില്‍ ഒരുക്കിയിട്ടുളളത്. മൊബൈല്‍ ബ്രൗസറില്‍ സലാം പ്രൊട്ടക്ട് ഫീച്ചര്‍ ഉണ്ട്. ഇസ്ലാമിക നിയമം അനുസരിച്ച് ഒഴിവാക്കപ്പെടേണ്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനുളള ബ്രൗസര്‍ ഫില്‍ട്ടര്‍ ആണിത്. ഇസ്ലാമിക വിശ്വാസികള്‍ക്ക് അനുയോജ്യമായ ഉള്ളടക്കം മാത്രം പ്രദര്‍ശിപ്പിക്കുകയും ഒഴിവാക്കേണ്ടവ ചൂണ്ടിക്കാണിച്ച് തരികയുമാണ് സലാം പ്രൊട്ടക്ട് ഫീച്ചര്‍ ചെയ്യുക. ഇസ്ലാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍ തിരഞ്ഞാല്‍ അത് ദോഷകരമായ ഉള്ളടക്കമാണെന്ന മുന്നറിയിപ്പ്  ലഭിക്കും. 

തുടര്‍ന്നും മുന്നോട്ട് പോയാല്‍ സെര്‍ച്ച് റിസള്‍ട്ട് ബ്രൗസര്‍ ഫില്‍ട്ടര്‍ ചെയ്യും. പോണ്‍ ലിങ്കുകള്‍ക്ക് പകരം പോണ്‍ കുറ്റകരവും ദോഷകരവുമാണെന്ന് പറയുന്ന ലിങ്കുകളാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷമാവുക. അശ്ലീല വെബ്‌സൈറ്റുകള്‍ , ചൂതാട്ട വെബ്‌സൈറ്റുകള്‍ എന്നിവ ബ്രൗസറില്‍ നിന്നും വിലക്കുന്നുണ്ട്. എന്നാല്‍ ഈ ഫില്‍ട്ടര്‍ പൂര്‍ണമായും ഫലപ്രദമല്ല എന്ന് ഉപയോഗിച്ചു നോക്കുമ്പോള്‍ കാണാം. അതേ സമയം ദോഷകരമായ ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുളള സൗകര്യവും സലാം വെബ് ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ബ്രൗസര്‍ ലഭ്യമാണ്.