• 28 Feb 2021
  • 06: 04 PM
Latest News arrow

രാജ്യത്തിൻറെ അഭിമാനമായി മേജര്‍ ഖുഷ്ബു കന്‍വര്‍

70ാം റിപബ്ലിക് ദിനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുന്നത് ആഘോഷങ്ങളുടെ പേരില്‍ മാത്രമല്ല , വനിതകള്‍ മാത്രം ഉള്‍പ്പെടുന്ന സൈനിക സംഘം പരേഡിന് എത്തിയതുകൊണ്ടുകൂടിയാണ്. ഇതാദ്യമായാണ് വനിതകളുടെ ബറ്റാലിയൻ റിപ്പബ്ലിക് ദിനത്തില്‍ പരേഡ് നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള പാരാമിലിറ്ററി വിഭാഗമായ അസം റൈഫിള്‍സിന്റെ സ്ത്രീസംഘമാണ് വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ രാജ്പഥില്‍ മാര്‍ച്ച് ചെയ്തത്. അവരെ നയിച്ചതാകട്ടെ മേജര്‍ ഖുഷ്ബു കന്‍വര്‍ എന്ന യുവതിയും. 

പാരമ്പര്യമോ പ്രതാപമോ അവകാശപ്പെടാനില്ലാത്ത കുടുംബത്തില്‍ ഒരു ബസ് കണ്ട്ക്ടറുടെ മകളായാണ് കന്‍വര്‍ ജനിക്കുന്നത്. സ്വപ്രയത്‌നത്തിലൂടെ സേനയിലെത്തി. പുരുഷാധിപത്യം പഴങ്കഥയായപ്പോള്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് മുഴുവന്‍ മാതൃകയായി ഉന്നതസ്ഥാനത്തെത്തി. ഇപ്പോഴിതാ പുതിയൊരു ചരിത്രം രചിച്ച് രാജ്യത്തിന്റെ അഭിമാനചരിത്രത്തില്‍ സ്വന്തം പേരുമെഴുതി കന്‍വര്‍. അസം റൈഫിള്‍സില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. അതും ഒട്ടേറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം. സൈന്യത്തില്‍ ചേര്‍ന്നതിനുശേഷം ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ലെന്ന് കന്‍വര്‍ പറയുന്നു. സേനയുടെ എല്ലാ വിഭാഗങ്ങളിലും ഇപ്പോള്‍ സ്ത്രീ സാന്നിധ്യമുണ്ട്. സൈന്യത്തിന്റെ പ്രത്യാക്രമണ വിഭാഗങ്ങളിലും ഇപ്പോള്‍ സ്ത്രീകളെ ഉള്‍പ്പെടുത്തികൊണ്ടിരിക്കുകയാണെന്നും കന്‍വര്‍ പറയുന്നു. മണിപ്പൂരില്‍, നാഗാലാന്റില്‍, ഇന്ത്യാ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ നിര്‍ണായക സ്ഥലങ്ങളില്‍....പുരുഷന്മാര്‍ എവിടെയൊക്കെ കടന്നുചെല്ലുന്നോ അവിടെയെല്ലാം സ്ത്രീകളുമുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ അവിഭാജ്യവും അനിവാര്യവുമായ ഘടകമായി അവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. 

ആക്രമണം മുന്നില്‍ നിന്ന് നയിക്കുന്ന സൈനിക വിഭാഗങ്ങളില്‍ സ്ത്രീകളെ ഇനിയും ഉള്‍പ്പെടുത്തണോ എന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അവര്‍ ഇപ്പോള്‍ തന്നെ സൈന്യത്തിന്റെ ഭാഗമാണെന്നും കന്‍വര്‍ പറയുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുവരുന്ന കന്‍വര്‍ സൈന്യത്തിന്റെ ഭാഗമാവുന്നത് 2012ലാണ്. ഡെപ്യൂട്ടേഷനില്‍ ഇപ്പോള്‍ അസം റൈഫിള്‍സില്‍. "രാജ്യത്തെ സ്ത്രീകളോട് ,പെണ്‍കുട്ടികളോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. സേനയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. അഭിമാനത്തോടെ സേനയുടെ ഭാഗമാകു. 1972 മുതല്‍ സ്ത്രീകള്‍ സൈന്യത്തിന്റെ ഭാഗമാണ്. ഇനിയും മടിച്ചുനില്‍ക്കേണ്ടതില്ല"-കന്‍വര്‍ പറയുന്നു.
 
"ഞാന്‍ വരുന്നത് ഒരു കൊച്ചു കുടുംബത്തില്‍ നിന്നാണ്. എന്റെ അച്ഛനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത് അഭിമാനമാണ്. ഞാനുള്‍പ്പെട്ട മക്കളെ വളര്‍ത്തി വലുതാക്കാന്‍ അവര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ക്ക് സമര്‍പ്പിക്കുന്ന ചെറിയൊരു ഉപഹാരമാണിത്. ഇതു സ്വീകരിക്കുക. ഒപ്പം കഠിനാധ്വാനമല്ലാതെ വളര്‍ച്ചയ്ക്ക് മറ്റൊരു എളുപ്പവഴിയില്ലെന്നും രാജ്യത്തെ ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."- കന്‍വറിന്റെ വാക്കുകള്‍ ഭാവിതലമുറയ്ക്കു വേണ്ടിയുളളതാണ്. ഉയരാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും വിജയം സുനിശ്ചിതമാണെന്ന ഓര്‍മപ്പെടുത്തലും.