• 19 Sep 2019
  • 12: 33 AM
Latest News arrow

2017 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നോവല്‍ 'നിരീശ്വരന്‍'

തൃശ്ശൂര്‍: 2017 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുളള പുരസ്‌കാരം 'നിരീശ്വരന്‍ 'എന്ന കൃതിയിലൂടെ വി.ജെ ജെയിംസ് സ്വന്തമാക്കി. അയ്മനം ജോണിന്റെ 'ഇതര ചരാചരങ്ങളുടെ' ചരിത്രപുസ്തക'മാണ് മികച്ച ചെറുകഥ. വീരാന്‍ കുട്ടിയുടെ 'മിണ്ടാപ്രാണി' മികച്ച കവിതയായി തെരെഞ്ഞെടുക്കപ്പെട്ടു. എസ്.വി വേണുഗോപന്‍ നായരുടെ 'സ്വദേശാഭിമാനി'യാണ് മികച്ച നാടകം. സി.വി ബാലകൃഷ്ണന്റെ 'ഏതേതോ സരണികളില്‍' മികച്ച യാത്ര വിവരണത്തിനുളള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ 'കുറുക്കന്‍ മാഷിന്റെ സ്‌കൂളിലൂടെ' വി.ആര്‍ സുധീഷ് ബാലസാഹിത്യ വിഭാഗത്തില്‍ പുരസ്‌കാരം നേടി. മികച്ച ജീവ ചരിത്രത്തിനുളള പുരസ്‌കാരം ' തക്കിജ്ജ-എന്റെ ജയില്‍ ജീവിതം' എന്ന കൃതിയിലൂടെ ജയചന്ദ്രൻ മൊകേരി  സ്വന്തമാക്കി. മികച്ച വൈജ്ഞാനിക സാഹിത്യത്തിനുളള പുരസ്‌കാരം 'നദി വിജ്ഞാനീയം' എന്ന കൃതിയിലൂടെ എന്‍.ജെ.കെ നായര്‍ നേടി. മികച്ച വിവര്‍ത്തനത്തിനുളള പുരസ്‌കാരത്തിന് രമാ മേനോന്‍ അര്‍ഹയായി. 'പര്‍വ്വതം മാറ്റൊലി കൊള്ളുന്നു' എന്നതിനാണ് രമാ മേനോന്‌ പുരസ്‌കാരം. മികച്ച ഹാസ സാഹിത്യത്തിനുളള പുരസ്‌കാരം ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി 'എഴുത്തനുകരണം അനുരണനങ്ങള്‍' എന്ന കൃതിയിലൂടെ സ്വന്തമാക്കി. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ഡോ.കെ.എന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കി. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവും പ്രശസ്തി പത്രവുമാണ് വിശിഷ്ടാംഗത്വത്തിനുളള പാരിതോഷികം. സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരം പഴവിള രമേശന്‍, എംപി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ.കെ.ജി പൗലോസ്, കെ.അജിത, സിഎല്‍ ജോസ് എന്നിവര്‍ക്ക് സമ്മാനിക്കും. മുപ്പതിനായിരം രൂപ വീതമാണ് സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്ക് ലഭിക്കുക.