• 19 Jun 2019
  • 05: 31 PM
Latest News arrow

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ആള്‍ദൈവം ഗുര്‍മിത് റാം റഹീം കുറ്റക്കാരന്‍

ഹരിയാന: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മിത് റാം റഹീം കുറ്റക്കാരനാണെന്ന് പഞ്ച്കുള പ്രത്യേക സിബിഐ കോടതി കണ്ടെത്തി. രാം ചന്ദര്‍ ഛത്രപതിയെന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ഗുര്‍മിത് റാം റഹിമിനൊപ്പം സിബിഐ അറസ്റ്റ് ചെയ്ത മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജനുവരി 17 ന് കോടതി ശിക്ഷ വിധിക്കും.

2002 നവംബര്‍ രണ്ടിന് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തുവെന്നാണ് കേസ്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഛത്രപതിയെ ഗുര്‍മീത് വെടിവെച്ചത്.

സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്. വിധി പ്രഖ്യാപിക്കുന്ന കോടതി പരിസരത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വന്‍ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.