• 17 Jan 2019
  • 09: 46 PM
Latest News arrow

അലോക് വര്‍മ്മ രാജിവെച്ചു

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് രാജി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അലോക് വര്‍മ്മ രാജിവെച്ചു. ഫയര്‍ സര്‍വീസസ് ഡയറക്ടറായി പുതിയ പദവി ഏറ്റെടുക്കാതെയാണ് രാജി. സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി. ചന്ദ്രമൗലിക്ക് അലോക് വര്‍മ്മ രാജിക്കത്ത് നല്‍കി. 
തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ലെന്ന് കത്തില്‍ അലോക് വര്‍മ വ്യക്തമാക്കുന്നു. "സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോര്‍ട്ട് എന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31ന് എന്റെ വിരമിക്കല്‍ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടര്‍ പദവി തന്ന് എന്റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയര്‍ സര്‍വീസസ് ഡിജി പദവി ഏറ്റെടുക്കാന്‍ എന്റെ പ്രായപരിധി തടസ്സമാണ്. അതിനാല്‍ എന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണം.'' വര്‍മ കത്തില്‍ കുറിച്ചു. 
സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പകരം താല്‍ക്കാലിക ഡയറക്ടറായി എം നാഗേശ്വര റാവു ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍
തന്നെ വീണ്ടും മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന്ന് അലോക് വര്‍മ നേരത്തെ പ്രതികരിച്ചിരുന്നു. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം ബാലിശമായ ആരോപണങ്ങള്‍ കാരണമാണ് താന്‍ പുറത്തായതെന്നും അലോക് വര്‍മ ആരോപിച്ചിരുന്നു.