സഹജമായ ധിക്കാരമാണ് നോവല്‍ എഴുതാതിരിക്കാനുളള കാരണമെന്ന് ടി പത്മനാഭന്‍

കോഴിക്കോട് : നോവല്‍ എഴുതാത്തതിന് കാരണം സഹജമായ ധിക്കാരമാണെന്ന് ടി.പത്മനാഭന്‍. കുമാരാനാശാന്‍ അനുഭവിച്ചപോലെ ജാതീയതയുടെ പ്രശ്‌നങ്ങളും ഒരു തരം അയിത്തവും താനും അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്ത് ആശാനെക്കാള്‍ വലിയ ആളാണ് താനെന്ന് വിശ്വാസമുണ്ടെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'കഥയിലെ സ്‌നേഹവും സമൂഹത്തിലെ കലഹവും' എന്ന സെഷനില്‍ മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനുമായി നടത്തിയ സംവാദത്തില്‍ അദ്ദേഹം പറഞ്ഞു. മഹാകാവ്യം എഴുതാതെയാണ് ആശാന്‍ മഹാകവിയായതെന്നും അതേ ഭാവം തന്നെയാണ് തനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുകവിതകളും കവിതയും ഇപ്പോഴില്ല. കവിത മോഷ്ടിച്ച ദീപാ നിശാന്തിനെ ആരാധിക്കാമെന്ന് അദ്ദേഹം സംവാദത്തിനിടയില്‍ പറഞ്ഞു. അതേ സമയം എല്ലാവരും കവികളാകുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 89ാം വയസ്സിലും താന്‍ സ്‌നേഹത്തെക്കുറിച്ചും മറ്റും എഴുതുന്നത് നിസ്സാരകാര്യമല്ല. പുതിയ എഴുത്തുകള്‍ പലതും മനസ്സില്‍ പതിയാറില്ല. മരണത്തെ ഭയമില്ല. മരിച്ചുകഴിഞ്ഞാല്‍ സ്രഷ്ടാവിന്റെ അടുത്തുപോലും നിവര്‍ന്ന് നില്‍ക്കാനാണ് ഇഷ്ടം. മരിച്ചാലും നിവര്‍ത്തിനിര്‍ത്തി ദഹിപ്പിക്കണമെന്നാണ് തമാശയായി പറയുന്നത്. ഇംഗ്ലീഷില്‍ എഴുതിയാല്‍ മാത്രമെ ലോക സാഹിത്യമാവുകയുളളുവെന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.