• 19 Jun 2019
  • 05: 34 PM
Latest News arrow

എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം : തിരുവനന്തപുരത്ത് പണിമുടക്ക് ദിവസം എസ്ബിഐ ട്രഷറി ബ്രാഞ്ച്  ആക്രമിച്ച സംഭവത്തില്‍ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം. നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും  ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടരുകയാണെന്നുമാണ് സൂചനകൾ.  പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമണം നടത്തിയവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷയത്രെ. എന്നാല്‍  വിഷയത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്ക് ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. 

അക്രമികളുടെ അറസ്റ്റ് താമസിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ടത്രെ. അതേ സമയം ബാങ്ക് അക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. അസഭ്യം വിളിച്ച് തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാര്‍ റീജിയണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. ഈ പരാതി പൊലീസിന് കൈമാറാനും സാധ്യതയുണ്ട്. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റിയംഗവുമടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. തലസ്ഥാനത്തെ പ്രധാന ഇടത് നേതാക്കളായ മറ്റ് പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നെന്നും ഒളിവിലാണെന്നും പറഞ്ഞു അറസ്റ്റ് വൈകിപ്പിക്കുകയാണ്  എന്നാണ് ആരോപണം.