• 17 Jan 2019
  • 09: 57 PM
Latest News arrow

ശബരിമലയില്‍ നൂറുക്കണക്കിന് യുവതികള്‍ ദര്‍ശനം നടത്തി ; തന്ത്രിയെ അയ്യപ്പന്‍ നേരിട്ട് നിയമിച്ചതല്ല : മന്ത്രി എംഎം മണി

കൊട്ടാരക്കര : ശബരിമലയില്‍ നൂറുക്കണക്കിന് യുവതികള്‍ ദര്‍ശനം നടത്തിയെന്നും ഇനിയും കയറുമെന്നും മന്ത്രി എം.എം മണി. കൊട്ടാരക്കരയില്‍ അബ്ദുള്‍ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുളള കരുത്ത് സിപിഎമ്മിനുണ്ട്. അവരെ തടയാന്‍ അപ്പോള്‍ ഒരുത്തനും അവിടെ കാണില്ല. എന്നാല്‍ അത് സിപിഎമ്മിന്റെ ജോലിയല്ല. സ്ത്രീകളുടെ പ്രായം അളക്കാനുളള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പറയുന്നത്. താനും പി.അയിഷപോറ്റി ഉള്‍പ്പെടെയുളള എംഎല്‍എമാര്‍ വോട്ട് ചെയ്ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നത്.  തന്ത്രിയെ അയ്യപ്പന്‍ നേരിട്ട് നിയമിച്ചതല്ല. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്ന ആളും മക്കളുളള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. തന്ത്രിയെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് പറയുന്നത്. കോടതിവിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാല്‍ ശിഷയുണ്ടാകും. ശബരിമല പന്തളം കൊട്ടാരത്തിന്റെ വകയല്ല. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണ്. അനാഥ പ്രേതം പോലെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നത്. 

യുവതികള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശശികലയെ ഇപ്പോള്‍ കാണാനില്ല. സവര്‍ണമേധാവിത്വം തിരികെ കൊണ്ടുവരാനുളള ശ്രമമാണ് നടക്കുന്നത്. സുകുമരന്‍ നായരും ചെന്നിത്തലയുമെല്ലാം ഇപ്പോള്‍ ചെയ്യുന്നത് അതാണെന്നും മന്ത്രി പറഞ്ഞു.