• 17 Jan 2019
  • 09: 50 PM
Latest News arrow

'9' ട്രെയിലറെത്തി; പൃഥ്വിരാജിന് അഭിനന്ദനപ്രവാഹം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ '9' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നു. സയൻസ് ഫിക്ഷൻ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നുവെന്നറിയിച്ചപ്പോള്‍ മുതല്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. ട്രെയിലര്‍ കണ്ടപ്പോള്‍ ഗംഭീരമെന്നാണ് പലരും   അഭിപ്രായപ്പെട്ടത്. 

ട്രെയിലർ പുറത്തുവന്നയുടനെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ട്  വൈറലായി മാറി. സയന്‍സ് ഫിക്ഷന്‍ മാത്രമല്ല ഹൊറര്‍ എലമെന്റും കൂടിയുണ്ട് ട്രെയിലറില്‍. താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരുമെല്ലാം പൃഥ്വിയേയും സംഘത്തേയും അഭിനന്ദനം കൊണ്ട് മൂടി..

ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ  ദുല്‍ഖര്‍ സല്‍മാന്‍ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിന്ദനം അറിയിച്ചു . ഇതിന് പിന്നാലെ പൃഥ്വിയെ അഭിനന്ദിച്ച് ബോളിവുഡിൽ നിന്ന് കരണ്‍ ജോഹറെത്തി. വളരെ മനോഹരമായ ട്രെയിലർ ആണിതെന്നും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നുമാണ് കരൺ ജോഹർ  ട്വീറ്റ് ചെയ്തത്. തെലുങ്ക് താരമായ വിജയ് ദേവരക്കൊണ്ടയും പൃഥ്വിരാജിനെ അഭിനന്ദിച്ചു. 
എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജുവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങിയാണ് പൃഥ്വിരാജ് പുതിയ സിനിമ പ്രഖ്യാപിച്ചത്. ഭാര്യ സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകത്തെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ സോണി പിക്‌ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് '9' എന്ന സിനിമ നിര്‍മ്മിക്കുന്നത്. സോണി പിക്‌ചേഴ്‌സ് ഈ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയുമാണ്.