• 17 Jan 2019
  • 09: 53 PM
Latest News arrow

തിലകനോട് കാട്ടിയ അനീതിയ്ക്ക് പ്രായശ്ചിത്തം ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു, ആ ഉറപ്പിലാണ് ഒടിയനില്‍ ഡബ്ബ് ചെയ്തത്; ഷമ്മി തിലകന്‍

നടന്‍ തിലകനോട് സംഘടന കാട്ടിയ അനീതിയ്ക്ക് പ്രായശ്ചിത്തം ചെയ്യാമെന്നും അതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മോഹന്‍ ലാല്‍ നല്‍കിയ ഉറപ്പിലാണ് ഒടിയനില്‍ പ്രതിനായകന് വേണ്ടി ഡബ്ബ് ചെയ്തതെന്ന് നടന്‍ ഷമ്മി തിലകന്‍. അഭിനയിക്കാന്‍ വന്ന പല അവസരങ്ങളും വേണ്ടാന്ന് വെച്ചാണ് ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം പ്രതിഫലേച്ഛയില്ലാതെ ഡബ്ബ് ചെയ്തത്. അതെല്ലാം ലാലേട്ടന്‍ നല്‍കിയ ഉറപ്പിന്‍മേലായിരുന്നു. തന്റെ ഭാഗം കഴിഞ്ഞു. ഇനിയെല്ലാം ലാലേട്ടന്റെ കയ്യിലാണെന്നും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഷമ്മി തിലകന്‍ പറഞ്ഞു. 

ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

എന്റെ പിതാവിന് മക്കളോട് ഉള്ളതിനേക്കാള്‍ സ്‌നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്. അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം. അതുതന്നെയാണ് എന്റെ പ്രതീക്ഷയും.. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ യാതൊന്നും തന്നെ പരിഹാരം തേടി ഞാന്‍ പോയിട്ടില്ല..! എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം. അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ 'ഒടിയന്‍' സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും(ക്ലൈമാക്‌സ് ഒഴികെ), മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് 07/08/18ല്‍ എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു. എന്റെ ഭാഗം കഴിഞ്ഞു..! ഇനി ലാലേട്ടന്റെ കയ്യിലാണ്...
അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം....!