• 20 Mar 2019
  • 09: 51 AM
Latest News arrow

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യയ്ക്ക് ചരിത്ര ജയം

സിഡ്‌നി നാലാം ടെസ്റ്റില്‍ സമനില; കൊഹ്ലി ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍

സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കൊഹ്ലി സ്വന്തമാക്കി. 
ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (77), രവീന്ദ്ര ജഡേജ (81) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിന് എല്ലാവരും പുറത്തായി. 322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
നാലാം ദിവസം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 25), പീറ്റര്‍ ഹാന്‍സ്‌കോംബ് (111 പന്തില്‍ 37), നാഥന്‍ ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്‌സല്‍വുഡ് (45 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. 55 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.