• 19 Jun 2019
  • 05: 40 PM
Latest News arrow

വലിയ സമ്മര്‍ദ്ദത്തിലാണ്, മമ്മൂക്കയിലാണ് ഞങ്ങളുടെ പ്രതീക്ഷ; മാമാങ്കം സംവിധായകന്‍

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്നും 'ക്വീന്‍' ഫെയിം ധ്രുവനെ മാറ്റിയത് വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനെ തന്നെ മാറ്റിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. രണ്ട് ഷെഡ്യുൂള്‍ പിന്നിട്ട ചിത്രത്തില്‍ നിന്നാണ് സംവിധായകന്‍ സജീവ് പിള്ളയെത്തന്നെ നിര്‍മ്മാതാവ് മാറ്റിയതായി പ്രചരിക്കുന്നത്. എന്നാല്‍ താന്‍ ചിത്രത്തില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ലെന്നും പത്ത്, പതിനെട്ട് വര്‍ഷമെടുത്ത് സ്വയം ഉണ്ടാക്കിയ പ്രൊജക്ടില്‍ നിന്ന് തനിക്ക് മാറാന്‍ കഴിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സജീവ് പിള്ള പറഞ്ഞു.

സിനിമാ ഇന്‍ഡ്‌സ്ട്രിയില്‍ പുതിയതായി വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിബന്ധങ്ങളും പ്രതിസന്ധികളും താന്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. ആദ്യത്തെ പടമെന്ന നിലയ്ക്ക് ലഭിക്കാവുന്ന പിന്തുണയും കുറവായിരിക്കും. അത്തരം പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കേണ്ടതുണ്ട്. അല്ലാതെ സിനിമയില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് പറ്റില്ലെന്ന് സജീവ് പിള്ള പറഞ്ഞു.

നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി തന്നെയായിരിക്കും. അതിലും ഒരു മാറ്റവുമുണ്ടായിട്ടില്ല. എഴുത്തുകാരനും സംവിധായകനും താന്‍ തന്നെയാണ്. ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതൊക്കെ പരിഹരിക്കപ്പെട്ടുവെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും മാമാങ്കം സംവിധായകന്‍ പറഞ്ഞു.

ധ്രുവന്റെ കാര്യത്തില്‍ ശരിയായ കീഴ്‌വഴക്കങ്ങളല്ല നടക്കുന്നതെന്ന് സജീവ് പിള്ള അഭിപ്രായപ്പെട്ടു. ധ്രുവന്‍ വളരെ ഗംഭീരമായി അഭിനയിച്ചിരുന്നു. അസാധാരണമായ രീതിയിലുള്ള ഡെഡിക്കേഷനുണ്ടായിരുന്നു അവന്. ഒരുപാട് പ്രൊജക്ടുകള്‍ ഈ സിനിമയ്ക്ക് വേണ്ടി അവന്‍ മാറ്റി വെച്ചു. പുലര്‍ച്ചെ നാല് മുതല്‍ രാത്രി 12 വരെ വ്യായാമങ്ങളും കളരിയുമൊക്കെയായി മുഴുവന്‍ സമയവും അവന്‍ ഈ സിനിമയ്ക്കായി നല്‍കി. മുഴുവന്‍ സ്‌ക്രിപ്റ്റും അവന് അറിയാമായിരുന്നു. എല്ലാ സംഭാഷണങ്ങളും അവയുടെ എല്ലാത്തരം സൂക്ഷ്മതയോടെയും അറിയാമായിരുന്നു. ഒരു കാര്യം രണ്ടാമത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടി വന്നിട്ടില്ല. അത്രയും ഫോക്കസ്ഡ് ആയിട്ടാണ് ധ്രുവന്‍ ഈ പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്.

ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ധ്രുവന്റേത്. 25 ദിവസത്തോളം അവന്‍ അഭിനയിച്ചിട്ടുണ്ട്. ഗംഭീര പെര്‍ഫോമന്‍സായിരുന്നു. അത് മമ്മൂക്കയ്ക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. രണ്ടാമത്തെ ടേക്കിനൊക്കെ പോകുമ്പോള്‍ മമ്മൂക്ക ചോദിക്കുമായിരുന്നു, എന്തിനാണെന്ന്. അത്രെയും നന്നായി ദ്രുവന്‍ പെര്‍ഫോം ചെയ്തിരുന്നു. മമ്മുക്ക വളരെ ഹാപ്പിയായിരുന്നു. തുടക്കത്തില്‍ അവന്റെ ശരീരമാണ് ഒരു പ്രശ്നമായിരുന്നത്. പക്ഷേ അത്രയും അര്‍പ്പണത്തോടെ നമ്മള്‍ വിചാരിക്കാത്ത തരത്തില്‍ അവന്‍ ശരീരത്തെ രൂപാന്തരപ്പെടുത്തി.

ധ്രുവനെ ചിത്രത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോയെന്ന് തനിക്കറിയില്ലെന്നും സജീവ് പിള്ള പറഞ്ഞു. ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മ്മികതയുമൊക്കെ നമ്മുടെ ഇന്‍ഡ്‌സ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അവന് തിരിച്ചൊന്നും പറയാന്‍ പറ്റില്ല. അവന്‍ വളരെ നിസ്സഹായനാണ്. തീര്‍ത്തൊരു വാക്ക് പറഞ്ഞാല്‍ അവന് ഒരു ഭാവിയുണ്ടാകില്ല. ഞാനടക്കമുള്ളവര്‍ വളരെ അരക്ഷിതമായ അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. നിര്‍ഭയമായും സ്വതന്ത്രമായും ഒരു നിലപാടെടുക്കുക എന്ന് പറയുന്നത് അസംഭവ്യമാണ്. സ്വാഭാവികമായും അത്രയധികം സമ്മര്‍ദ്ദത്തിലാണ്. ധ്രുവന്റെ കാര്യത്തില്‍ മമ്മൂക്കയിലാണ് തങ്ങളുടെ പ്രതീക്ഷയെന്നും സജീവ് പിള്ള പറഞ്ഞു.