• 17 Jan 2019
  • 09: 56 PM
Latest News arrow

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജനവിധി തേടുന്ന മണ്ഡലം പ്രഖ്യാപിച്ച് പ്രകാശ് രാജ്

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്ന നടന്‍ പ്രകാശ് രാജ് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചു. കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രലില്‍ നിന്നാണ് പ്രകാശ് രാജ് ജനവിധി തേടുക. വരും ദിനങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. 'പൗരന്റെ ശബ്ദം പാര്‍ലമെന്റില്‍' എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് അവസാനിപ്പിച്ചത്.
ഗൗരി ലങ്കേഷ് വധത്തില്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വാര്‍ത്തയില്‍ ഇടം പിടിച്ചപ്പോഴൊക്കെ തനിക്കു രാഷ്ട്രീയ മോഹങ്ങള്‍ ഇല്ലെന്നാണു പ്രകാശ് രാജ് പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രചാരണത്തിനായി പ്രകാശ് രാജ് ഇറങ്ങിയിരുന്നു. നിലവില്‍, ബിജെപിയുടെ പി.സി.മോഹനാണ് ബെംഗളൂരു സെന്‍ട്രല്‍ എംപി. തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹന്‍ ഇവിടെ എംപിയായിരിക്കുന്നത്.