• 22 Mar 2019
  • 02: 44 AM
Latest News arrow

സെറ്റ് മുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടി ആടിപാടി മുട്ട റോസ്റ്റുണ്ടാക്കി സാവന്‍ ദത്ത് ; വൈറലായി വീഡിയോ

വളരെ ആസ്വദിച്ച് ഭക്ഷണം പാകം ചെയ്യുന്നവരാണ് മലയാളികള്‍. ഭക്ഷണത്തിന്റെ സ്വാദ് നോക്കിയതിനുശേഷം തവികൊണ്ട് പാത്രത്തില്‍ രണ്ട് തട്ട് തട്ടുന്ന ശീലമുളളവരാണ് കേരളത്തിലെ ഭക്ഷണപ്രിയര്‍. ഭക്ഷണം ആസ്വദിച്ച് ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന ആ ശീലം ലോകത്തിന് കാണിച്ച് കൊടുക്കുകയാണ് മുംബൈ സ്വദേശിയായ സാവന്‍ ദത്ത്. 

മലയാളികളുടെ ഇഷ്ട വിഭവമാണ് മുട്ട റോസ്റ്റ്. പൊറോട്ട, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കിടിലന്‍ മുട്ടറോസ്റ്റും കൂടെ ഉണ്ടെങ്കില്‍ സംഭവം കുശാലായി . എന്നാല്‍ ഈ മുട്ട റോസ്റ്റ് വ്യത്യസ്ത രീതിയില്‍ വളരെ ആസ്വദിച്ച് ഒരു പാട്ടിലൂടെയാണ് സാവന്‍ തയ്യാറാക്കുന്നത്. മലയാളിയായ ഭര്‍ത്താവ് അരുണ്‍ കുമാറിനായാണ് സാവന്‍ രസകരമായി മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത്. സെറ്റ് മുണ്ടും ആഭരണങ്ങളൊക്കെ ധരിച്ച് മുല്ലപ്പൂവും ചൂടി മലയാളി തനിമ കൈവിടാതെ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സാവന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും സാവന്‍ പാട്ടിലൂടെ വിശദീകരിക്കുന്നുണ്ട്. സാവന്‍ പാട്ട് പാടി മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മൂന്ന് മിനുട്ട് 24 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ 34,797 പേരാണ് ഇതുവരെ കണ്ടത്. 

മെട്രോനാം എന്ന സോങ് ബ്ലോഗ് യൂട്യൂബ് ചാനലിലൂടെയാണ് സാവന്‍ തന്റെ വിഭവങ്ങള്‍ പ്രേഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. 18,605 വരിക്കാരുളള സാവന്റെ മെട്രോനാം ജീവിതം,യാത്ര,ഭക്ഷണം എന്നിവയാണ് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഗാനരചയിതാവും ഗായികയുമായ സാവന്‍ തന്റെതായ ശൈലിയിലാണ് ഗാനങ്ങള്‍ ആലപിക്കാറുളളത്.