• 19 Jun 2019
  • 05: 40 PM
Latest News arrow

ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡ്: ചരിത്രം കുറിച്ച് ഋഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. സിഡ്‌നിയില്‍ 137 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് സെഞ്ച്വറി നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 
96 റണ്‍സില്‍ നില്‍ക്കെ ഓസീസ് സ്പിന്നര്‍ മാര്‍നസിന്റെ പന്തില്‍ ഫോര്‍ നേടിക്കൊണ്ടാണ് പന്ത് സെഞ്ച്വറി തികച്ചത്. 622ന് ഏഴ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ അദ്ദേഹം 189 പന്തില്‍ നിന്ന് 159 റണ്‍സുമായി പുറത്താവാതെ നിന്നു. 
15 ഫോറുകളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. മുന്‍പ് ഇംഗ്ലണ്ട് പര്യടനത്തിലാണ് പന്ത് തന്റെ ആദ്യ രാജ്യാന്തര ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. 2018 സെപ്റ്റംബറില്‍ ഓവലിലായിരുന്നു ആദ്യ സെഞ്ചുറി പ്രകടനം. അന്ന് ലോക ഒന്നാം നമ്പര്‍ ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവരെ ചെറുത്തുനിന്ന് നേടിയ സെഞ്ചുറി പന്തിന് വലിയ കയ്യടി നേടിക്കൊടുത്തിരുന്നു. അന്ന് 114 റണ്‍സാണ് പന്തു നേടിയത്.
ഇക്കുറി പക്ഷേ പന്തിന്റെ കുതിപ്പില്‍ പിറന്നത് സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ട ചില റെക്കോര്‍ഡുകള്‍ കൂടിയാണ്. അതിലൊന്ന്, ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയാണ് പന്ത് സിഡ്‌നിയില്‍ കുറിച്ചത്. ഇതിനു മുന്‍പ്, 1967ല്‍ ഫാറൂഖ് എന്‍ജിനീയര്‍ നേടിയ 89 റണ്‍സാണ് ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. സിഡ്‌നിയില്‍ പന്തിന്റെ കുതിപ്പില്‍ അര നൂറ്റാണ്ടു പഴക്കമുള്ള ഈ റെക്കോര്‍ഡ് തകര്‍ന്നുവീണു.
മാത്രമല്ല, ഏഷ്യയ്ക്കു പുറത്ത് രണ്ടു ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പന്താണ്. 21 വയസ്സും 92 ദിവസ്സവും മാത്രം പ്രായമുള്ള പന്ത്, ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനുമായി. ഇതിലും ചെറിയ പ്രായത്തില്‍ രണ്ടു സെഞ്ചുറി നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് മുന്നില്‍. 18 വയസ്സും 256 ദിവസവും പ്രായമുള്ളപ്പോഴും 18 വര്‍ഷവും 285 ദിവസവും പ്രായമുള്ളപ്പോഴുമായിരുന്നു സച്ചിന്റെ സെഞ്ചുറി പ്രകടനങ്ങള്‍.
ഇതിനു പുറമെ, ഓസീസ് മണ്ണില്‍ സന്ദര്‍ശക ടീമിന്റെ വിക്കറ്റ് കീപ്പര്‍ നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഇനി പന്തിന്റെ പേരിലാണ്. 169 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സാണ് ഇക്കാര്യത്തില്‍ മുന്നില്‍.