• 14 Dec 2018
  • 03: 20 AM
Latest News arrow

പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗം : പിതാവും ഡി.വൈ.എഫ്.ഐ നേതാവും ഉൾപ്പെടെ ഏഴുപേർകൂടി അറസ്റ്റിൽ

ഇതുവരെ അറസ്റ്റിലായത് 12 പേർ ; കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

തളിപ്പറമ്പ് : പറശ്ശിനിക്കടവിലെ ലോഡ്ജിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുട്ടിയുടെ പിതാവുൾപ്പെടെ ഏഴുപേരെക്കൂടി തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കെ.വി സന്ദീപ് മാട്ടൂല്‍, സി.പി ഷംസുദ്ദീന്‍ ചെറുക്കള, വി.സി ഷബീര്‍ പരപ്പായി, കിഴക്കെപ്പറമ്പില്‍ അയൂബ് നടുവില്‍ , പറശ്ശിനിക്കടവ് പാര്‍ക്ക് ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റ് കെ.പവിത്രന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ആന്തല്ലൂരിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നിഖിലും  കുട്ടിയുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്.ഇതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവം പുറത്തറിഞ്ഞതോടെ പീഡനം നടന്ന ലോഡ്ജിലേക്ക് യുവജനങ്ങള്‍ നടത്തിയ മാര്‍ച്ചിൽ  നിഖില്‍ പങ്കെടുത്തിരുന്നു. പ്രതികള്‍ക്ക് ലോഡ്ജില്‍ സൗകര്യമൊരുക്കിയതിനാണ് പവിത്രനെ അറസറ്റ് ചെയ്തത്. സന്ദീപാണ് പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെത്തിച്ചത്. ബലമായി തട്ടിക്കൊണ്ടു പോകല്‍, കൂട്ട ബലാത്സംഗം ,പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ പേരിലുളളത്. നവംബര്‍ 19ന് പകല്‍ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്‌ പൊലീസ് പറയുന്നു. 

പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂരില്‍ സിഐ യ്ക്ക് പരാതി ലഭിച്ചതോടെ തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരങ്ങൾ പുറത്തുവന്നു. പറശ്ശിനിക്കടവ്,വടക്കാഞ്ചേരി,തളിയില്‍  തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.