• 14 Dec 2018
  • 03: 12 AM
Latest News arrow

ശബരിമലയിലെ നിരോധനാജ്ഞ: ഭക്തര്‍ക്ക്ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസം സൃഷ്ടിക്കുന്നില്ലെന്ന് ഹൈക്കോടതി. വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമല നിരീക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിലപാട്. ബുധനാഴ്ച്ച മാത്രം 80000 പേര്‍ ശബരിമലയില്‍ എത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ച കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു. 

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ കോടതി വാക്കാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.  എന്നാല്‍ കോടതി ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മീഷന്‍ ശബരിമല സന്ദര്‍ശിച്ച ശേഷം എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.  
നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേണ്ടി എഡിഎം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷയൊരുക്കുന്നതിനും ക്രമസമാധാനപാലനത്തിനും വേണ്ടിയാണ് നിരോധനാജ്ഞ എന്ന് സത്യവാങ്മൂലത്തില്‍ എടുത്തുപറഞ്ഞിരുന്നു. നിരോധനാജ്ഞമൂലം അയ്യപ്പന്‍മാര്‍ക്കോ അവരുടെ വാഹനങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുന്നില്ല, അതിനാല്‍ തന്നെ നിരോധനാജ്ഞ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.