• 14 Dec 2018
  • 03: 19 AM
Latest News arrow

സ്ത്രീകളുടെ ഒരു സെല്‍ഫി പ്രതിഷേധം

ഓസ്‌ട്രേലിയയിലെ സമൂഹമാധ്യമങ്ങളില്‍ ഒരു സെല്‍ഫി വൈറലാവുകയാണ്. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സെല്‍ഫി തരംഗത്തില്‍ നിന്നും സ്വന്തം സ്ലീവ്‌ലെസ് ടോപ്പുകളും ഷോര്‍ട്ട് സ്ലീവുകളും ധരിച്ചുകൊണ്ടുളള കൈകളുടെ ചിത്രങ്ങളാണ് സ്ത്രീകള്‍ പോസ്റ്റ് ചെയ്യുന്നത്. വിനോദമല്ല പ്രതിഷേധമാണ് ഇതിനു പിന്നില്‍.

എബിസി റേഡിയോ നാഷണല്‍ അവതാരക പട്രീഷ്യ കാര്‍വലസാണ് പ്രതിഷേധ സെല്‍ഫിയിലെ നായിക. കൈകള്‍ കൂടുതലായി പുറത്ത് കാണുംവിധം  വസ്ത്രം ധരിച്ചുവെന്ന കുറ്റം ചുമത്തി ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ നിന്ന് പട്രീഷ്യ പുറത്താക്കപ്പെട്ടു. പ്രസ് ഗാലറിയില്‍ നിന്ന് പുറത്തുപോകാന്‍ അവരോട് പാര്‍ലമെന്റ് സ്പീക്കറാണ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കൈകള്‍ പുറത്തുകാണുന്ന വിധത്തിലുളള തന്റെ കൈകളുടെ ,സെല്‍ഫിസമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പട്രീഷ്യ ചോദിക്കുന്നു ഓസീസ് പാര്‍ലമെന്റിന് ഭ്രാന്താണോ?. പ്രസ് ഗാലറിയില്‍ പതിവുപോലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പട്രീഷ്യ. പാര്‍ലമെന്റില്‍  ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടയില്‍ ഒരു അറ്റന്‍ഡന്റ് തന്റെ അടുത്തേക്ക് വന്ന് കൈകള്‍ പുറത്തു കാണുംവിധത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ പുറത്തുപോകണമെന്ന് പറയുകയായിരുന്നുവെന്ന് പട്രീഷ്യ പറഞ്ഞു. ശരീരം കുറച്ചുകൂടി മറയുന്ന വിധത്തില്‍ വസ്ത്രം ധരിച്ചുവേണം പാര്‍ലമെന്റില്‍ എത്താന്‍ എന്നൊരു നിര്‍ദ്ദേശവും പത്രപ്രവര്‍ത്തകയ്ക്ക് ലഭിച്ചു. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ വിശദീകരണവും പ്രത്യക്ഷപ്പെട്ടു. വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ഓരോ വ്യക്തിയുടെയും വിവേചനാധികാരത്തില്‍പ്പെടുന്നതാണ് വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പും. എങ്കിലും പുരുഷന്മാര്‍ ട്രൗസറും ജാക്കറ്റും ടൈയും ധരിച്ച് പാര്‍ലമെന്റില്‍ എത്തുന്നതാണ് നല്ലത്. സമാനമായ ഫോര്‍മല്‍ വസ്ത്രധാരണം സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. 

തന്റെ വേഷത്തില്‍ ഒരു കുറ്റവും തനിക്ക് കാണാന്‍ കഴിയുന്നില്ലെന്ന് പട്രീഷ്യ പറയുന്നു . പ്രൊഫഷണലായ വേഷമാണത്. പക്ഷേ അറ്റന്‍ഡന്റ് പറയുന്നത് ഈ വേഷം ഉചിതമല്ലെന്നാണ്. ഈ വേഷത്തില്‍ പാര്‍ലമെന്റില്‍ വരാന്‍ പാടില്ലെന്നും പുറത്ത് പോകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.യഥാര്‍ത്ഥത്തില്‍ ചോദ്യോത്തരവേളയില്‍ നിന്ന് എന്നെ പുറത്താക്കുകയായിരുന്നുവെന്ന് പട്രീഷ്യ പറയുന്നു. പത്രപ്രവര്‍ത്തകയുടെ ട്വീറ്റ് പെട്ടെന്നുതന്നെ വൈറലായി. നൂറുക്കണക്കിന് പേര്‍ ട്വീറ്റ് ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്തു. സ്ത്രീകള്‍ കൂടുതലായി പത്രപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നു. 

പ്രതിഷേധ സെല്‍ഫികള്‍ക്കൊപ്പം പാര്‍ലമെന്റംഗം ജൂലി ബിഷപ്പിന്റെ വേഷവും വിവാദത്തിലായി. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍  പലപ്പോഴും ജൂലി കൈകള്‍ പുറത്ത് കാണുന്ന വേഷമാണ് ധരിക്കാറുളളത്. അപ്പോഴൊന്നും പ്രതിഷേധിക്കാത്ത സ്പീക്കര്‍  ഒരു പത്രപ്രവര്‍ത്തകയ്ക്ക് നേരെ പ്രതിഷേധിക്കുകയും പുറത്താക്കുകയും ചെയ്തതിന്റെ ഇരട്ടത്താപ്പും ഓസ്‌ട്രേലിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.