• 14 Dec 2018
  • 03: 15 AM
Latest News arrow

മലയാളത്തിലെ സമ്പന്ന താരമായി മമ്മൂട്ടി: ഫോബ്‌സ് പട്ടികയില്‍ ഇടം തേടി നയന്‍താരയും

മുംബൈ: ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും. 18കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി നയന്‍താര 68-ാം സ്ഥാനത്താണ്. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്തംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 
തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. 253.25 കോടി രൂപയാണ് സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്‍ നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടന്‍ അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ നേടി നടി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുമുണ്ട്. ആദ്യ അഞ്ചില്‍ സ്ഥാനം നേടുന്ന ഏകവനിതയാണ് ദീപിക. അടുത്തിടെ വിവാഹിതയായ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന് എട്ടാം സ്ഥാനമാണ്. അതേ സമയം മറ്റൊരു നവവധുവായ പ്രിയങ്ക ചോപ്ര ഏറെ പിന്നിലേക്കു തള്ളപ്പെട്ടു. ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക് ഇന്ത്യയില്‍ വരുമാനം കുറഞ്ഞതാണ് കാരണം. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ഈ വര്‍ഷം 49ാം സ്ഥാനത്താണ്.
എംഎസ് ധോണി(5), ആമിര്‍ ഖാന്‍ (6), അമിതാഭ് ബച്ചന്‍ (7), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (9), അജയ് ദേവ്ഗണ്‍ (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവര്‍. കഴിഞ്ഞ വര്‍ഷം ഒറ്റ സിനിമ പോലും പുറത്തിറങ്ങാത്ത ഷാറൂഖ് ഖാന്‍ 13-ാം സ്ഥാനത്താണ്. എ.ആര്‍ റഹ്മാന്‍ 11-ാമതും രജനീകാന്ത് 14-ാമതുമാണ്.