• 14 Dec 2018
  • 03: 18 AM
Latest News arrow

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച 45 കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് പിറന്നു

വാഷിങ്ടണ്‍ :  രണ്ട് വര്‍ഷം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ച 45കാരിയില്‍ നിന്നും അവയവ ദാനത്തിലുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മരണാനന്തര ഗര്‍ഭപാത്രദാനത്തിലൂടെ ഇതാദ്യമായാണ് ലോകത്ത് ഒരു കുഞ്ഞ് പിറക്കുന്നത്. ശാസ്ത്രലോകത്തിന് പുത്തല്‍ പ്രതീക്ഷകള്‍ നല്‍കിയ സംഭവം ബ്രസീലിലെ ഡോക്ടര്‍മാരാണ് പരീക്ഷിച്ച് വിജയിപ്പിച്ചത്.

ജീവിച്ചിരിക്കുന്നവരുടെ ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മം നല്‍കുന്നത് വിജയകരമായിരുന്നെങ്കിലും മരിച്ചവരുടെ ഗര്‍ഭപാത്രം സ്വീകരിച്ചുളള ഗര്‍ഭധാരണവും പ്രസവവും ആദ്യമായാണ് വിജയിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ  ഈ നേട്ടം കുഞ്ഞുങ്ങളില്ലാത്ത ഒട്ടേറെ പേര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കുഞ്ഞ് ജനിച്ച് ഒരു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീലിലെ സാവോ പോളേ സര്‍വ്വകലാശാല ആശുപത്രി അധികൃതര്‍ സംഭവം പുറത്ത് വിടുന്നത്. 2016 സെപ്തംബറിലാണ് മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച നാല്‍പ്പത്തഞ്ചുകാരിയുടെ ഗര്‍ഭപാത്രം ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്ന മറ്റൊരു യുവതിയില്‍ വെച്ച് പിടിപ്പിക്കുന്നത്. പത്തര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മുപ്പത്തിരണ്ടുകാരിയില്‍ വച്ച് പിടിപ്പിച്ചത്. സ്വീകര്‍ത്താവില്‍ ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ഉറപ്പാക്കി  7 മാസങ്ങള്‍ക്ക് ശേഷം ഭ്രൂണം നിക്ഷേപിച്ചു. സിസേറിയനിലൂടെ യുവതി രണ്ടര കിലോഗ്രാം തൂക്കമുളള പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രസീലിലെ സാവോ പോളോ സര്‍വ്വകലാശാല ആശുപത്രിയിലെ ഡോ.ഡാനി എസന്‍ബര്‍ഗ് പറഞ്ഞു.

സിസേറിയന് പിന്നാലെ ഗര്‍ഭപാത്രം നീക്കം ചെയ്തു.കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രസവം. കുഞ്ഞിന് ഒരു വയസ്സ് തികയുന്ന വേളയിലാണ് ഗവേഷകര്‍  വിവരം പുറത്ത് വിട്ടത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഗര്‍ഭപാത്രം വച്ച്പിടിപ്പിച്ച് കുഞ്ഞിന് ജന്മം നല്‍കാനുളള ശ്രമം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുമ്പ് 10 വട്ടം നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഫലം കാണുന്നത്.